പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്കായി തപാല്‍ വകുപ്പില്‍ (India Post) വൻ ജോലി അവസരം.ഗ്രാമീണ്‍ ഡാക് സേവക് (GDS) റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി 25,000-ത്തിലധികം ഒഴിവുകളിലേക്ക് നാളെ (സെപ്റ്റംബർ 2) മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. സെപ്റ്റംബർ 21 വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
യോഗ്യതയും പ്രായപരിധിയും
അംഗീകൃത ബോർഡില്‍ നിന്ന് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാസ് മാർക്ക് നിർബന്ധമാണ്. കൂടാതെ, അപേക്ഷിക്കുന്ന തപാല്‍ സർക്കിളിലെ പ്രാദേശിക ഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിള്‍ ഓടിക്കാനുള്ള കഴിവ് എന്നിവയും ആവശ്യമാണ്. 18 മുതല്‍ 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും. (എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷം വരെയുമാണ് ഇളവ്).
ശമ്പള വിവരങ്ങള്‍ (TRCA)
ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക് 'ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ്' (TRCA) അടിസ്ഥാനത്തിലാണ് വേതനം നല്‍കുന്നത്. ബിപിഎം (BPM) തസ്തികയ്ക്ക് മാസം 12,000 രൂപ മുതല്‍ 29,380 രൂപ വരെയും, എബിപിഎം/ഡാക് സേവക് തസ്തികകള്‍ക്ക് 10,000 രൂപ മുതല്‍ 24,470 രൂപ വരെയുമാണ് അടിസ്ഥാന ടിആർസിഎ. ഇതിനുപുറമേ ക്ഷാമബത്തയും (DA) മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രതിവർഷം 3 ശതമാനം വേതന വർദ്ധനവിനും അർഹതയുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. പത്താം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഗ്രേഡിംഗ് രീതിയിലുള്ള സർട്ടിഫിക്കറ്റുകള്‍ക്ക് സിജിപിഎ 9.5 കൊണ്ട് ഗുണിച്ചാണ് മാർക്ക് കണക്കാക്കുന്നത്. മെരിറ്റ് പട്ടികയില്‍ ഉള്‍പ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും മെഡിക്കല്‍ പരിശോധനയ്ക്കും ശേഷം നിയമനം നല്‍കും.
അപേക്ഷിക്കേണ്ട വിധം
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർമാർ എന്നിവർക്ക് ഫീസില്ല. അപേക്ഷകർ India Post GDS ഓണ്‍ലൈൻ പോർട്ടല്‍ (indiapostgdsonline.gov.in) സന്ദർശിച്ച് ആദ്യം 'വണ്‍-ടൈം രജിസ്ട്രേഷൻ' പൂർത്തിയാക്കണം. തുടർന്ന് അപേക്ഷ സമർപ്പിച്ച് ഡിവിഷൻ മുൻഗണനകള്‍ തിരഞ്ഞെടുത്ത് ആവശ്യമായ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ച് പ്രക്രിയ പൂർത്തിയാക്കാം. തെറ്റുകള്‍ തിരുത്താൻ അപേക്ഷാ തീയതി അവസാനിച്ച ശേഷം രണ്ട് ദിവസത്തെ കറക്ഷൻ വിൻഡോ സൗകര്യവും ലഭ്യമായിരിക്കും.