25 വർഷമായി പോലീസുകാരനെന്ന വ്യാജേന 8 സംസ്ഥാനങ്ങളിൽ തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയിൽ

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ഏഴ് സംസ്ഥാനങ്ങളിലായി 25 വർഷമായി കോടികളുടെ ആൾമാറാട്ട തട്ടിപ്പ് നടത്തിയ കൊല്ലം കാവനാട് സ്വദേശി പിടിയിലായി. 64-കാരനായ സാം പീറ്റർ എന്ന ഡാനി തരകൻ എന്ന ആന്റണിയെയാണ് മംഗളൂരു സിറ്റി പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബറിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാളെ ഓഗസ്റ്റ് 31-നാണ് പോലീസ് സംഘം കണ്ണൂരിൽ വെച്ച് സാഹസികമായി പിടികൂടിയതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.
2019 ഓഗസ്റ്റ് 16-ന് മംഗളൂരു പമ്പ്‌വെല്ലിലെ ലോഡ്ജിൽ വെച്ച് ഇയാളെയും എട്ട് കൂട്ടാളികളെയും മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2023-ൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിവിധ കോടതികൾ ഇയാൾക്കെതിരെ നിരവധി തവണ പ്രഖ്യാപനങ്ങളും അറസ്റ്റ് വാറന്റുകളും പുറപ്പെടുവിച്ചിരുന്നു.
ഒരു സംഘം രൂപീകരിച്ച് ഉന്നത NCIB ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. സാമ്പത്തിക തർക്കങ്ങൾ, ബാങ്ക് തട്ടിപ്പുകൾ, നികുതി വെട്ടിപ്പ് എന്നിവയിൽ ഉൾപ്പെട്ടവരെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തി പണം ഈടാക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. 2001 മുതൽ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ടായിരുന്ന കുപ്രസിദ്ധ തട്ടുകാരനാണ് ഇയാൾ. കർണാടകത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും ബിഹാർ, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുമായി ഇയാൾക്കെതിരെ 17-ലധികം വഞ്ചനാ കേസുകൾ നിലവിലുണ്ട്. ഉള്ളാൾ കേസിൽ 17 തവണയും ഈസ്റ്റ് പോലീസ് കേസിൽ 14 തവണയും ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കൊല്ലം സ്വദേശിയായ ഇയാൾ ജനങ്ങളെയും പോലീസിനെയും വഞ്ചിക്കാൻ ഒന്നിലധികം വ്യാജ വിലാസങ്ങളും പേരുകളുമാണ് ഉപയോഗിച്ചിരുന്നത്. ശ്യാം പീറ്റർ, രാഹുൽ പീറ്റർ, രാജേഷ് റോബിൻസൺ, റിതു റിച്ചാർഡ്, റോയ് ജേക്കബ്, റോബിൻ റിച്ചാർഡ്സൺ, റോബിൻസൺ, ആന്റണി ഫ്രാൻസിസ്, ഷാരോൺ ഫ്രാൻസിസ് തുടങ്ങിയ പേരുകളിലൊക്കെ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ തുടരന്വേഷണങ്ങൾക്കായി ഈസ്റ്റ് പോലീസിന് കൈമാറി.