160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി അഭിഷേകും സഞ്ജുവും മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറിലെ രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയ അഭിഷേകാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ആദ് മൂന്നോവര്‍ കഴിയുമ്പോള്‍ സഞ്ജു 10 പന്തില്‍ 8 റണ്‍സും അഭിഷേക് 14 പന്തില്‍ 25 റണ്‍സുമായിരുന്നു. അസ്മത്തുള്ള ഓമര്‍സായി എറിഞ്ഞ അഞ്ചാം ഓവറിലാണ് സഞ്ജു അടി തുടങ്ങിയത്. ഒമര്‍സായിക്കെതിരെ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സഞ്ജു മുഹമ്മദ് നബി എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 3 സിക്സും രണ്ട് ഫോറും പറത്തി 19 പന്തില്‍ 47 റണ്‍സിലെത്തി.
പവര്‍ പ്ലേക്ക് പിന്നാലെ അടുത്ത ഓവറില്‍ തന്നെ റാഷിദ് ഖാനെ സിക്സിന് പറത്തിയ അഭിഷേക് അടുത്ത പന്തില്‍ വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. നാലു സിക്സും രണ്ട് ഫോറും പറത്തിയ അഭിഷേക് 19 പന്തില്‍ 39 റണ്‍സെടത്തു. അതേ ഓവറില്‍ റാഷിദിനെ ബൗണ്ടറി കടത്തി ടി20 ലോകകപ്പിനുശേഷമുള്ള ആദ്യ അര്‍ധസെഞ്ചുറി തികച്ച സഞ്ജു അടുത്ത പന്ത് സിക്സിന് തൂക്കി. എന്നാല്‍ അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ സഞ്ജു ബൗണ്ടറിയില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി മടങ്ങി. 22 പന്തില്‍ 57 റണ്‍സടിച്ച സഞ്ജു നാലു സിക്സും 7 ഫോറും പറത്തി. ഇരുവരും പുറത്തായശേഷം ശ്രേയസിനെയും റാഷിദ് മടക്കിയെങ്കിലും തിലകും കിഷനും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന്‍ 28ഉം മുഹമ്മദ് നബി 20ഉം റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.