സഞ്ജു സാംസണിന്റെ (10) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ മൂന്നാം ഓവറില്‍ അസ്മതുള്ള ഒമര്‍സായിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്താവുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന അഭിഷേക് - കിഷന്‍ സഖ്യം 53 പന്തില്‍ 121 റണ്‍സ് അടിച്ചെടുത്തു. ഇതുതന്നെയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. അഭിഷേക് 11-ാം ഓവറില്‍ പുറത്തായി. മുഹമ്മദ് നബിക്കായിരുന്നു വിക്കറ്റ്. ഏഴ് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തന്റെ തൊട്ടടുത്ത ഓവറില്‍ കിഷനേയും നബി മടക്കി. കിഷന്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി. ഇരുവരും പുറത്തായെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (8), തിലക് വര്‍മ (4) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, തകര്‍ച്ചയോടെയായിരുന്നു അഫ്ഗാന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവര്‍ അഞ്ചിന് 43 എന്ന നിലയിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ (0) ബുമ്ര മടക്കിയിരുന്നു. നാലാം ഓവറില്‍ ഇബ്രാഹിം സദ്രാന്‍ (11) റണ്ണൗട്ടായി. ആറാം ഓവറില്‍ ഗുല്‍ബാദിന്‍ നെയ്ബും (2), ഡാര്‍വിഷ് റസൂലി (2)യും മടങ്ങി. പിന്നീട് ഒമര്‍സായ് - നബി സഖ്യം 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 17-ാം ഓവറില്‍ നബി മടങ്ങി. തുടര്‍ന്നെത്തിയ റാഷിദ് ഖാന്‍ (1), നൂര്‍ അഹമ്മദ് (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. മുജീബ് ഉര്‍ റഹ്മാന്‍ (9), ഒമര്‍സായിക്കൊപ്പം പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.