പതിവ് തെറ്റിയില്ലഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂക്ക

മെഗാസ്റ്റാർ മമ്മൂട്ടി ഏറ്റവും പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി. സിനിമയോടുള്ള അഭിനിവേശം പോലെ തന്നെ സാങ്കേതികവിദ്യയിലെ പുത്തൻ മാറ്റങ്ങളോടും ഹൈ-എൻഡ് ഗാഡ്ജെറ്റുകളോടും ഏറെ താൽപര്യമുള്ള താരമാണ് മമ്മൂട്ടി. പുതിയ മോഡലുകൾ വിപണിയിലെത്തുമ്പോൾ തന്നെ അവ സ്വന്തമാക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പതിവ് ഇത്തവണയും തെറ്റിയില്ല.

‘മൊബൈൽ കിങ്’ എം.ഡി. ഫയാസിൽ നിന്നാണ് മമ്മൂട്ടി പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഏറ്റുവാങ്ങിയത്. പുതിയ ഫോൺ സ്വന്തമാക്കിയ താരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

മുൻപ് സാംസങ് ഗാലക്സി ഫോൾഡ് സ്വന്തമാക്കിയപ്പോഴുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ അടുത്തറിയാനും അവയുടെ സവിശേഷതകൾ മനസ്സിലാക്കി ഉപയോഗിക്കാനുമുള്ള മമ്മൂട്ടിയുടെ താൽപര്യം പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിലെ പുതിയ പരീക്ഷണങ്ങൾക്കൊപ്പം ടെക് ലോകത്തിലെ മാറ്റങ്ങളെയും ആവേശത്തോടെ പിന്തുടരുന്ന മമ്മൂട്ടി, പ്രായഭേദമില്ലാതെ ടെക് പ്രേമികളെയും ആരാധകരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുകയാണ്.