പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ്പിടിയിൽ; നൂറിലധികം കേസുകളിലെ പ്രതി

കോഴിക്കോട്: ജില്ലയിലെ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിവന്നിരുന്ന അന്തർജില്ലാ മോഷ്ടാവ്  അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ഷംസാദിനെ (39) ആണ് പോലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.  
​ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ കവർന്ന കേസിലെ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. രണ്ട് മാസം മുൻപാണ് ഇയാൾ ജയിലിൽ നിന്ന് മോചിതനായത്. ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം ഇടങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും സ്കൂൾ ഓഫീസുകളും ഇയാൾ കവർച്ച ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.