കർക്കടക വാവുബലിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട പാപനാശം തീരത്ത് കടൽക്ഷോഭം ശക്തമായി

കർക്കടക വാവുബലിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ട പാപനാശം തീരത്ത് കടൽക്ഷോഭം ശക്തമായി. രാവിലെ മുതൽ തന്നെ കടലിൽ ശക്തമായ തിരമാലകൾ ഉണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമാവുകയും അതിശക്തമായ തിരകൾ തീരത്തേക്ക് അടിച്ചുകയറുകയും ചെയ്തു. ബലിതർപ്പണത്തിനായി കടലിലിറങ്ങിയ പലർക്കും തിരമാലകളുടെ ശക്തിയിൽ നിലതെറ്റി വീഴുന്ന സാഹചര്യമുണ്ടായി. ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടങ്ങൾ ഒഴിവാക്കിയത്.തന്ത്രിമാർ ഇരുന്ന് ബലിതർപ്പണ ചടങ്ങുകൾ നിർവഹിച്ചിരുന്ന ഭാഗങ്ങളിലേക്കുപോലും ശക്തമായ തിരമാലകൾ അടിച്ചുകയറി. തർപ്പണത്തിനായി ഒരുക്കിയിരുന്ന വസ്തുക്കളിൽ പലതും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയി.