ഉറക്കത്തിനിടെ കിടപ്പുമുറിയിലെ പുതിയ ഫാൻ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്. സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽ

കാട്ടാക്കട: കിടപ്പുമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പുതിയ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്. വ്യവസായ പ്രമുഖനും നവീൻ ഗ്രാനൈറ്റ്സ് ഉടമയുമായ നസുമുദിന്റെ ഭാര്യ സപ്‌നയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്നലെ പുലർച്ചെ 2.30-ഓടെ കാട്ടാക്കടയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുമ്പോൾ കിടപ്പുമുറിയിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ബ്ലേഡ് അപ്രതീക്ഷിതമായി ഒടിഞ്ഞ് സപ്നയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏകദേശം കാൽ ലക്ഷം രൂപ വിലവരുന്ന പുതിയ സീലിങ് ഫാനാണ് അപകടത്തിന് കാരണമായത്.

ഫാൻ ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും, പരിക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്ന് ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.