സ്‌കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തി

സ്‌കൂൾ പ്രിൻസിപ്പലിനെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തി വിദ്യാർഥികൾ. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടുപേർ ചേർന്നാണ് വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയെത്തി ക്രൂരകൃത്യം നടത്തിയത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം.

കൊണ്ടമല്ലെപ്പള്ളി ജെ.ബി കോളനിയിലെ വസതിയിലാണ് നാഗാർജുന കോൺസെപ്റ്റ് സ്‌കൂൾ പ്രിൻസിപ്പലായ രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ആരാണു കൃത്യം നടത്തിയതെന്നു തുടക്കത്തിൽ വ്യക്തമായിരുന്നില്ല. എന്നാൽ, രൂപ അവസാനമായി നടത്തിയ ഫോൺ സംഭാഷണമാണ് കേസിൽ വഴിത്തിരിവായത്.

ഓഗസ്റ്റ് 11-നാണ് രൂപ റെഡ്ഡി ക്രൂരമായി കൊല്ലപ്പെടുന്നത്. ഇവരുടെ ഭർത്താവ് രാജേന്ദർ റെഡ്ഡി ജോലി ആവശ്യത്തിനായി ഹൈദരാബാദിലായിരുന്ന സമയത്തായിരുന്നു സംഭവം. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് ഭർത്താവ് അയൽവാസികളെ വിവരമറിയിക്കുകയും, അവർ നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സ്‌കൂൾ ഫീസ് പിരിവ് നടക്കുന്ന മാസമായതിനാൽ പ്രിൻസിപ്പലിന്റെ വീട്ടിൽ ലക്ഷക്കണക്കിന് രൂപ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് പ്രധാന പ്രതിയായ വിദ്യാർത്ഥി മനസ്സിലാക്കിയിരുന്നു. ഇതിനായി മറ്റൊരു സഹപാഠിയുമായി ചേർന്ന് അഞ്ച് ദിവസം മുൻപേ മോഷണത്തിനുള്ള ആസൂത്രണം നടത്തി. വീട്ടിൽ ആരുമില്ലാത്ത സമയം കൃത്യത്തിനായി ആസൂത്രണം ചെയ്തു. മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ സംഘത്തിലെ ഒരാൾ മതിൽ ചാടിക്കടന്ന് വീടിനകത്ത് പ്രവേശിക്കുകയും രണ്ടാമൻ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.

മുറിയിൽനിന്ന് 2.5 ലക്ഷം രൂപ കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രിൻസിപ്പൽ വിദ്യാർത്ഥിയെ കണ്ടത്. പിടിവലിക്കിടെ മുഖംമൂടി അഴിഞ്ഞുവീഴുകയും വിദ്യാർത്ഥിയെ പ്രിൻസിപ്പൽ തിരിച്ചറിയുകയും ചെയ്തു. പോലീസിൽ പരാതിപ്പെടുമെന്ന് ഭയന്ന പ്രതി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രിൻസിപ്പലിനെ തുരുതുരാ 27 തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ഏറ്റവും വലിയ വഴിത്തിരിവുണ്ടാക്കിയത് കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് രൂപ റെഡ്ഡി സ്വന്തം അമ്മായിയുമായി നടത്തിയ ഫോൺ കോളായിരുന്നു. സംസാരിക്കുന്നതിനിടെ ഫോൺ പെട്ടെന്ന് കട്ടാകുന്നതിന് തൊട്ടുമുമ്പ് പ്രിൻസിപ്പൽ 'ബാബു' എന്ന് വിളിക്കുന്നത് ഇവർ കേട്ടിരുന്നു. തെലുങ്കിൽ കുട്ടികളെയും വിദ്യാർത്ഥികളെയും വാത്സല്യത്തോടെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണിത്. വീട്ടിലേക്ക് കയറിവന്നത് അപരിചിതനായ മോഷ്ടാവല്ല, മറിച്ച് സ്‌കൂളിലെ ഏതെങ്കിലും വിദ്യാർത്ഥിയാകാം എന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത് ഈ സൂചനയാണ്.