തിരുവനന്തപുരം ആര്യനാട് കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്ന് മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാരും ബന്ധുക്കളും.

തിരുവനന്തപുരം ആര്യനാട് കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്ന് മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാരും ബന്ധുക്കളും.

കുറ്റിച്ചലിൽ ഏകദേശം 15 അടി ഉയരത്തിൽ നിന്ന് ബൈക്കുമായി താഴേക്ക് പതിച്ച് മരിച്ച ഷാനവാസ് എന്ന അൻസാരിയുടെ മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.

സ്വകാര്യ വ്യക്തി മണ്ണിടിച്ചു താഴ്ത്തിയതിനെ തുടർന്ന് വീട്ടിലേക്കുള്ള നടവഴി നഷ്ടപ്പെട്ടിരുന്നുവെന്നും, ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

അപകടത്തിൽ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അൻസാരി മരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ആവശ്യമായ നടപടി സ്വീകരിക്കാതെ മണ്ണിടിച്ചത് ആരോപിച്ചാണ് സമീപത്തെ സ്ഥലമുടമയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്.

പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ബന്ധുക്കളും തമ്മിൽ ചെറിയ രീതിയിൽ ഉന്തുംതള്ളുമുണ്ടായി. 
പ്രതിഷേധം ശക്തമായതോടെ കുറ്റിച്ചൽ–കാട്ടാക്കട പ്രധാന റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട, നെയ്യാർഡാം, ആര്യനാട് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും സ്ഥലത്തെത്തി.

തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സമീപത്തെ പുരയിടത്തിന്റെ ഉടമയുമായി നടത്തിയ ചർച്ചയിൽ, ഈ മാസം 29-ാം തീയതിക്കകം നഷ്ടപരിഹാരം നൽകുന്നതിനും കുടുംബത്തിന് വഴിസൗകര്യം ഒരുക്കുന്നതിനും പാർശ്വഭിത്തി നിർമ്മിക്കുന്നതിനും ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.