കന്യാകുമാരിയിലെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിക്ക് ഒപ്പം മദ്യപിച്ചവരെ അന്വേഷിക്കുന്നു

തിരുവനന്തപുരം കാരോട് ചെങ്കവിള സ്വദേശി എസ്. അതുലിന്റെ മൃതദേഹം കന്യാകുമാരി താമ്രപർണി നദിയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന്റെ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.
സംഭവദിവസം അതുലിനൊപ്പം ഉണ്ടായിരുന്നവരെയും മദ്യപിച്ച സംഘത്തെയുമാണ് പൊലീസ് പ്രധാനമായും ലക്ഷ്യമിടുന്നത്. മാർത്താണ്ഡത്തെ ബാറിൽ വെച്ച് നാലു പേർക്കൊപ്പം അതുൽ മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ആരാണെന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചതായാണ് വിവരം.
മൃതദേഹം കണ്ടെത്തിയ കണ്ണക്കോടു നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ അരുമന പൊലീസ് സ്റ്റേഷൻ പരിധിയിൽ അതുൽ സഞ്ചരിച്ചിരുന്ന കാർ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ കാറിന്റെ പിൻസീറ്റിൽ രക്തക്കറ പുരണ്ടിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച ശേഷം നാലുപേർ പ്രദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതുലിന്റെ മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓഗസ്റ്റ് 1-ന് പോസ്റ്റ്‌മോർട്ടം നടത്തി. എന്നാൽ, കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഓഗസ്റ്റ് 1 വൈകുന്നേരം വരെയും മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായില്ല.