സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു യോഗ്യത നിർബന്ധമല്ല. ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു യോഗ്യത നിർബന്ധമല്ല. ഐടിഐ, ഡിപ്ലോമ, മറ്റ് അംഗീകൃത കോഴ്സുകൾ പൂർത്തിയാക്കിയവർക്കും ബിരുദ പഠനത്തിന് അവസരം നൽകുന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഇതോടെ പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ, ഡിപ്ലോമ, മറ്റ് ഭാഷാ കോഴ്സുകൾ ഉൾപ്പെടെയുള്ള യോഗ്യതകൾ നേടിയവർക്കും ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനാകും.

പുതിയ ഉത്തരവ് പ്രകാരം ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കും പ്രവേശനം ലഭിക്കും.

2027–28 അധ്യയന വർഷം മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.