ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ ഉച്ചകോടിയിൽ ഒബ്സർവറായി ഇടം നേടി പോരേടം സ്വദേശി ഇജാസ് ഹക്കീം

കൊല്ലം: ഐക്യരാഷ്ട്രസഭയുടെ (UN) UNCCD COP17 ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതോടെ പോരേടം സ്വദേശിയായ ഇജാസ് ഹക്കീം നാടിന്റെ അഭിമാനമായി മാറുകയാണ്. ഇജാസ് നേതൃത്വം നൽകുന്ന ദി ഇഗ്നൈറ്റ് ഫൗണ്ടേഷൻ അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ United Nations Convention to Combat Desertification (UNCCD)-യുടെ അംഗീകൃത Observer Organization പദവി നേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലോകശ്രദ്ധയാകർഷിക്കുന്ന ഈ അന്താരാഷ്ട്ര വേദിയിലേക്കുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചത്.

സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് വളർന്ന, പഠനത്തിൽ ശരാശരി വിദ്യാർത്ഥിയായിരുന്ന ഇജാസ്, വോളണ്ടിയറിങ്ങിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും സോഷ്യൽ എന്റർപ്രണർഷിപ്പിലൂടെയും മുന്നേറി ഇന്ന് ഐക്യരാഷ്ട്രസഭയുടെ വേദിയിലെത്തുകയാണ്. വ്യക്തിപരമായ പരിശ്രമവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉണ്ടെങ്കിൽ ലോകവേദികളിലേക്കും എത്തിച്ചേരാനാകുമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര നൽകുന്നത്. അതുകൊണ്ടുതന്നെ ഇജാസിന്റെ നേട്ടം നാട്ടിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാണ്.

മംഗോളിയയിൽ UNCCD COP17

2026 ഓഗസ്റ്റ് 17 മുതൽ 28 വരെ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ നടക്കുന്ന UNCCD COP17 ഉച്ചകോടിയിലാണ് ഇഗ്നൈറ്റ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് **ജസീൽ സി.കെ.**യും ഇജാസ് ഹക്കീവും പങ്കെടുക്കുന്നത്.

ഭൂവിനാശം, മരുഭൂവൽക്കരണം, വരൾച്ച, ഭൂമി പുനരുദ്ധാരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആഗോള വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനുമായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ, ഗവേഷകർ, സന്നദ്ധ സംഘടനകൾ, യുവജന പ്രതിനിധികൾ, നയരൂപീകരണ സ്ഥാപനങ്ങൾ എന്നിവർ ഒന്നിച്ചുചേരുന്ന സുപ്രധാന അന്താരാഷ്ട്ര വേദിയാണ് ഈ സമ്മേളനം. ഭൂമിയുടെ സുസ്ഥിര ഉപയോഗം, പരിസ്ഥിതി സംരക്ഷണം, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ദി ഇഗ്നൈറ്റ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ

2021 മുതൽ യുവജന ശാക്തീകരണം, നേതൃത്വ വികസനം, സന്നദ്ധ പ്രവർത്തനം, സാമൂഹിക നവീകരണം, സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ദി ഇഗ്നൈറ്റ് ഫൗണ്ടേഷൻ. UNESCO APCEIU, അസീം പ്രേംജി ഫൗണ്ടേഷൻ തുടങ്ങിയ ദേശീയ-അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി പദ്ധതികൾ സംഘടന നടപ്പാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ ഇന്ത്യയിലെ ആദ്യത്തെ പുനരുജ്ജീവന കാലാവസ്ഥാ ആക്ഷൻ ഹബ് എന്ന നിലയിൽ ‘ചേഞ്ച്മേക്കേഴ്‌സ് ആശ്രമം’ വികസിപ്പിച്ചുവരുന്നതും ഫൗണ്ടേഷന്റെ ശ്രദ്ധേയമായ സംരംഭമാണ്.

ഐക്യരാഷ്ട്രസഭയുടെ ഈ വേദി കാലാവസ്ഥാ സംരക്ഷണത്തിലും സാമൂഹിക നവീകരണത്തിലും കേരളത്തിൽ നിന്നുള്ള മികച്ച മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, പുതിയ അന്താരാഷ്ട്ര സഹകരണങ്ങൾ രൂപപ്പെടുത്താനും, ആഗോള ചർച്ചകളിൽ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കാനും ദി ഇഗ്നൈറ്റ് ഫൗണ്ടേഷന് വലിയ അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നു.