ഇൻഷുറൻസ് ഇല്ലേ പമ്പിൽ നിന്ന് പെട്രോൾ കിട്ടില്ല

സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നൽകുന്നത് തടയുന്നതിനുള്ള പൈലറ്റ് പദ്ധതി അടിയന്തരമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശം. രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇൻഷുറൻസ് വിവരങ്ങൾ ഇന്ധന വിതരണവുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് പെട്രോളിയം മന്ത്രാലയത്തിന് ചില ആശങ്കകളുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോഴാണ്, "നിങ്ങൾ ഇത് നടപ്പിലാക്കണം, ഡൽഹിയിൽനിന്ന് പദ്ധതി ആരംഭിക്കൂ" എന്ന് കോടതി വ്യക്തമാക്കിയത്.

കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി കൃത്യമായ സമയപരിധിയോടെയുള്ള സമഗ്രമായ നിർദ്ദേശം സമർപ്പിക്കാൻ കേന്ദ്രത്തോട് ബെഞ്ച് ആവശ്യപ്പെട്ടു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, രാജ്യത്തെ നിരത്തുകളിലോടുന്ന വാഹനങ്ങളിൽ 56 ശതമാനത്തോളം (ഏകദേശം 30.48 കോടി വാഹനങ്ങളിൽ 16.54 കോടിയും) സാധുവായ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവയാണെന്ന വസ്തുത സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
റോഡപകടങ്ങളിൽപ്പെടുന്ന നിരപരാധികളായ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാതിരിക്കാൻ ഇത് കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
 വാഹനാപകടങ്ങളിൽ മരണപ്പെടുകയോ സ്ഥിരമായ വൈകല്യം സംഭവിക്കുകയോ ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിനായി ദീർഘകാലം നിയമപോരാട്ടം നടത്തേണ്ടിവരുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെ, വലിയൊരു വിഭാഗം വാഹന ഉടമകളും ഇത് പാലിക്കുന്നില്ല.
പദ്ധതി നടപ്പിലാക്കുന്ന വിധം
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും കൂടിയാലോചിച്ച് ഈ പൈലറ്റ് പദ്ധതിക്ക് രൂപം നൽകണമെന്ന് കോടതി നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പെട്രോൾ പമ്പുകളിൽ എത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി തത്സമയം സ്കാൻ ചെയ്യുന്നതാണ് പദ്ധതി. സ്കാൻ ചെയ്യുന്ന നമ്പർ കേന്ദ്ര സർക്കാരിന്റെ 'വാഹൻ' പോർട്ടലിലെയും ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും ഡാറ്റയുമായി പരിശോധിക്കും. സാധുവായ ഇൻഷുറൻസ് പോളിസി നിലവിലില്ലെന്ന് കണ്ടാൽ, ആ വാഹനം പുതിയ പോളിസി എടുക്കുന്നത് വരെ പമ്പുകളിൽനിന്ന് ഇന്ധനം നൽകുന്നത് തടയും.

ഇതിനുപുറമെ, പുതിയ കാറുകൾ വാങ്ങുമ്പോൾ നിർബന്ധമായും എടുക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി നാല് വർഷമായും പുതിയ ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷമായും കോടതി വർദ്ധിപ്പിച്ചു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ ട്രാക്ക് ചെയ്യാനും തത്സമയം പിഴ ചുമത്താനും പോലീസിന് പ്രത്യേക ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.