ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സ്നേഹത്തണലിൽ ആയിരാമത്തെ അതിഥി എത്തി

ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന്റെ സ്നേഹത്തണലിൽ ആയിരാമത്തെ അതിഥിയെത്തിയ വാർത്തകളാൽ സമ്പന്നമാണ് ഇക്കഴിഞ്ഞ ദിവസത്തെ മലയാള മാധ്യമങ്ങൾ. തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലാണ് അഞ്ചു ദിവസം പ്രായമായ പെൺ കുഞ്ഞെത്തിയത്. ആയിരാമത്തെ അതിഥിയെന്ന അടയാളപ്പെടുത്തലായി സഹസ്രയെന്ന പേരാണ് അധികൃതർ ആ ചോരക്കുഞ്ഞിന് നൽകിയിരിക്കുന്നത്. അമ്മത്തൊട്ടിലെന്ന പദം മലയാളിക്ക് ചിരപരിതമായിട്ട് കാൽനൂറ്റാണ്ട് തികയാൻ മാസങ്ങളുടെ വൈദൂര്യം മാത്രമാണ് അവശേഷിക്കുന്നത്. കോരളീയ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു ഈ ആശയം. 2002 ലെ ശിശുദിനത്തിലാണ് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നിൽ കരുതലിന്റെ കരങ്ങളായി ആദ്യത്തെ അമ്മത്തിട്ടിലുയർന്നത്. 24 വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലും തൊട്ടിലുണ്ട്. അതേവർഷം ഡിസംബർ 24ന് അമ്മത്തൊട്ടിലിൽ എത്തിയ ആദ്യ കുഞ്ഞിനെ 'നിത്യ' എന്ന് വിളിച്ചു. നൂറാമത്തെ കുഞ്ഞ് 'ശതശ്രീ' ആയിരുന്നു. മഴ, വേനൽ, നിള, കനി, കതിർ, ഋതു, തെന്നൽ, തുളസി, പ്രഥമ, മുകിൽ, സ്വതന്ത, ജൂൺ, പ്രകൃതി, ഇന്ത്യ, കേരളിയ, ഇതൾ... ഇങ്ങനെ വ്യത്യസ്ത നാമങ്ങളാൽ ഓരോ കുഞ്ഞും പ്രതീക്ഷയുടെ കിരണങ്ങളായി മാറി. ഓരോരുത്തരും പോറ്റമ്മമാരുടെ സ്നേഹത്തണലിലേക്ക് ദത്തുപോയി. ആകെ ലഭിച്ച ആയിരത്തിൽ 681 പേർ പെൺകുട്ടികളും, 319 പേർ ആൺകുട്ടികളുമാണ്. ഏറ്റവുമധികം കുഞ്ഞുങ്ങളെ ലഭിച്ചത് തിരുവനന്തപുരത്താണ് (667 പേർ). കൊല്ലം 38, പത്തനംതിട്ട 28, ആലപ്പുഴ 26, കോട്ടയം 43, ഇടുക്കി 20, എറണാകുളം 21, തൃശൂർ 27, മലപ്പുറം 34, പാലക്കാട് 34, കോഴിക്കോട് 25, കണ്ണൂർ 21, കാസർകോട് 16 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. അമ്മത്തൊട്ടിലിൽ ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെട്ടത് പെൺകുട്ടികളാണ് 681 കുരുന്നുകൾ. 319 പേർ ആൺകുട്ടികളാണ്.

ആയിരാമത്തെ കുഞ്ഞിൻ്റെ കടന്നുവരവോടെ അമ്മത്തൊട്ടിൽ ആഘോഷിക്കപ്പെടുമ്പോൾ മലയാളി ജീവിതത്തിന്റെ കാപട്യത്തിന്റെ മൂടുപടംകൂടി അനാവൃതമാകുന്നുണ്ടെന്നത് വിസ്മരിക്കപ്പെടെരുതാത്ത വസ്‌തുതയാണെന്നതിൽ തർക്കമില്ല. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഒരിടം എന്ന ആശ്വാസത്തിനപ്പുറം, ചോരക്കുഞ്ഞിനെ ഇരുമ്പറയിൽ ഉപേക്ഷിച്ചു കടന്നുകളയുന്ന മാതാപിതാക്കളുടെ എണ്ണം ആയിരം തികഞ്ഞു എന്നത് പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹത്തിന്റെ മുഖത്തേറ്റ വലിയൊരു അടിയാണ്. നവജാത ശിശുക്കളെ ചവറ്റു കുട്ടയിൽ എറിയുന്നത് തടയാനാണ് അമ്മത്തൊട്ടിൽ ആരംഭിച്ചതെങ്കിലും, ഇന്ന് അത് മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും വ്യാജ അഭിമാനം സംരക്ഷിക്കാനുള്ള ഒരു സർക്കാർ ഒളിത്താവളമായി മാറിയിരിക്കുകയാണ്. ദാരിദ്ര്യമോ പട്ടിണിയോ അല്ല, മറിച്ച് 'സമൂഹം എന്ത് പറയും" എന്ന ഭയമാണ് മിക്കവാറും ഈ കൊടുംക്രൂരതയ്ക്ക് പിന്നിൽ. പുറത്ത് സദാചാരം പ്രസംഗിക്കുന്ന മലയാളി, കുടുംബമഹിമക്കും തറവാടിത്തത്തിനും കോട്ടം തട്ടാതിരിക്കാൻ സ്വന്തം ചോരയെ പാതിരാത്രിയിൽ ഒരു യന്ത്രത്തൊട്ടിലിൽ ഉപേക്ഷിക്കാൻ യാതൊരു മടിയും കാണിക്കുന്നില്ല. സമൂഹത്തിന്റെ കണ്ണിൽ മാന്യന്മാരായി വിലസാനും, കുടുംബത്തിന്റെ വ്യാജ സൽപ്പേര് കളങ്കപ്പെടാതെ കാക്കാനുമുള്ള ഒരു എളുപ്പവഴിയായി ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്. ഒരുഭാഗത്ത് കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഒരു പൈതലിന്റെ പോറ്റമ്മയും രക്ഷിതാവുമാകാനുള്ള കാത്തിരിപ്പിലാണ് എണ്ണമറ്റ മാതാപിതാക്കളെന്നതും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. അമ്മത്തൊട്ടിലിലെത്തുന്ന ദത്തപേക്ഷകളുടെ എണ്ണം ഇതിന്റെ തെളിവാണ്.

അമ്മത്തൊട്ടിലുകൾ കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ പാകത്തിൽ വ്യാപകവും വൈപുല്യവുമുള്ളതായി മാറുമ്പോൾ അതിൻ്റെ സ്വാഭാവിക പരിണിതിയെന്നോണം മറുഭാഗത്ത് വൃദ്ധസദനങ്ങളും വർധിച്ചുകൊണ്ടേയിരിക്കുകയാണ്. സ്നേഹിക്കപ്പെടാത്ത കുഞ്ഞുങ്ങളും പരിചരിക്കപ്പെടാത്ത മാതാപിതാക്കളും നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥയുടെ കലർപ്പില്ലാത്ത അടയാളപ്പെടുത്തലാണെന്നുപറഞ്ഞാൽ അതു തെറ്റാകാനിടയില്ല. അമ്മ ത്തൊട്ടിൽ എന്ന അതേ പേരിലുള്ള റഫീഖ് അഹമ്മദിന്റെ കവിത മലയാളിയുടെ ഉള്ളുപൊള്ളിച്ചുകളഞ്ഞതാണ്. കാൽപനികതക്കപ്പുറം യാഥാർത്ഥ്യങ്ങളുടെ ഗന്ധമാണ് ആ വരികളെ അത്രമേൽ കാലികപ്രസക്തമാക്കിയത്.

വിജനമായ തെരുവീഥികളിലൂടെ വാഹനം നീങ്ങുന്നു. പെരുംമാളിന്റെ അടുത്ത് അമ്മയെ ഇറക്കിയാലോ എന്നോർക്കുമ്പോഴാണ് അവിടെ പെറ്റു കിടക്കുന്ന തെരുവുപട്ടി കുരച്ചുകൊണ്ട് ചാടുന്നത്. മക്കളെ കാക്കുന്ന തെരുവുപട്ടിയുടെ സാന്നിധ്യം അയാൾക്കുള്ള ഓർമപ്പെടുത്തലാണ്. ജില്ലാ ആശുപത്രിക്ക് അടുത്തേക്കാണ് പിന്നീടു വാഹനം നീങ്ങുന്നത്. 'ഒരു രാക്കട മാത്രം ഉറക്കച്ചടവുമായ് അവിടെ തുറന്നിരിക്കുന്നു. അതിനു പിന്നിലെ ഇരുളിടത്തിൽ അമ്മയെ ഉപേക്ഷിക്കാൻ പോകുമ്പോൾ പടികളിലെന്തോ തടയുന്നു. അത് പനിക്കുന്നൊരോർമയാണ്. കുട്ടിക്കാലത്തു പനി പിടിച്ചപ്പോൾ അമ്മ കിതച്ചുകൊണ്ട് തന്നെയെ ടുത്തുകൊണ്ട് ആ പടികൾ കയറിയത് അയാൾ ഓർക്കു ന്നു. അമ്മയെ കളയാൻ വിദ്യാലയ മുറ്റത്തെത്തുന്നു. പൊട്ടിക്കരഞ്ഞും ശാഠ്യം പിടിച്ചും ക്ലാസിലിരുന്നപ്പോൾ ഉച്ചയാവോളം മതിലിനു പുറത്തു കാത്തുനിന്ന അമ്മയെ അയാൾ ഓർക്കുന്നു. എന്നെയൊന്നു കൊണ്ടുപോകണമെന്ന് ബുദ്ധി മറയുന്ന കാലത്തോളം അമ്മ ആവശ്യപ്പെട്ടിരുന്ന കോവിലിന് അടുത്തെത്തുന്നു. അവിടെ ആരോ മുന്നിൽ നിൽക്കുന്നു. 'പുറത്തേക്കശാന്തനായീശ്വരൻ കാറ്റൊന്നു കൊള്ളാനിറങ്ങിയോ?' എന്നാണു കവി ചോദിക്കുന്നത്. തണുക്കുമ്പോൾ അയാൾ അമ്മവയറ്റത്തു പറ്റിക്കിടക്കുന്ന ചൂടോർക്കുന്നു. ഓർമകൾ നഷ്‌ടപ്പെട്ടുപോകുന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ ദുരന്തം. സംരക്ഷണവും പരിചരണവും പരിഷ്കൃത സമൂഹത്തിൻ്റെ അടയാളങ്ങളാണെന്ന ഓർമപ്പെടുത്തൽ കൂടിയാകട്ടേ അമ്മത്തൊട്ടിലിലെ ആയിരാമത്തെ അതിഥി.