ഓണസദ്യയിൽ മായം കലർത്തിയാൽ പണികിട്ടും., സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി സർക്കാർ

ഓണക്കാലത്ത് ജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കി. ജൂലൈ 27ന് ആരംഭിച്ച ‘ഓണം സ്ക്വാഡ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപക പരിശോധന തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 5,016 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസുകളും 390 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസുകളും നൽകി. ഇതിന് പുറമെ 623 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 1,899 സർവേലൻസ് സാമ്പിളുകളും ശേഖരിച്ചു.

ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. ശർക്കര, വെളിച്ചെണ്ണ, നെയ്യ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്കും അയയ്ക്കുന്നുണ്ട്. ഉൽപ്പന്നങ്ങളുടെ ലേബൽ വിവരങ്ങൾ, നിർമാണ-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം എന്നിവയും പരിശോധിക്കുന്നു.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കി. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിലെയും പാക്ക് ചെയ്യുന്നതിലെയും സംഭരണത്തിലെയും വിതരണത്തിലെയും ശുചിത്വം, താപനില നിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ ലേബലിംഗ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിലും പരിശോധന കൂടുതൽ കാര്യക്ഷമമാക്കും. അസംസ്കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യം, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം, ലേബലിംഗ്, ബാച്ച് വിവരങ്ങൾ എന്നിവയും പരിശോധിക്കും.

‘ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഹോട്ടൽ, കാറ്ററിംഗ്, ബേക്കറി ഉടമകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസംരംഭകർക്ക് പ്രത്യേക പരിശീലനവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളാണ് പരിശീലനത്തിൽ വിശദീകരിച്ചത്.

ഓണക്കാലത്ത് ജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി പരിശോധനകളും എൻഫോഴ്സ്മെന്റ് നടപടികളും ശക്തമായി തുടരാൻ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.