കൊല്ലം∙ തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒാമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ.ലതിക (50) എന്നിവരാണു മരിച്ചത്. ബുധൻ വൈകിട്ട് മൂന്നിന് കൊല്ലം മുണ്ടയ്ക്കൽ പാപനാശത്താണ് ഇരുവരും തിരയിൽപ്പെട്ടത്. ഈ ഭാഗത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കവേ ശക്തിയായി അടിച്ചു കയറിയ തിരമാലയിൽ ഇരുവരും വീണു പോയതാകാം എന്നാണു സംശയം. ഇരുവരും ഇരുന്ന ഭാഗത്ത് മറ്റാരും ഇല്ലായിരുന്നു. അതിനാൽ അപകടത്തിൽപ്പെട്ടത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
നിലവിളി കേട്ട് സമീപവാസികളായ യുവാക്കളാണു കടലിൽ വീണ ഇരുവരെയും കരയ്ക്കെടുത്തത്. സിപിആർ നൽകുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇവർ വന്ന ബൈക്ക് റോഡരികിൽ ഇരിപ്പുണ്ടായിരുന്നു. ബൈക്കിൽ ഒരു ബാഗും ഉണ്ടായിരുന്നു. അതിൽ ഒാണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. പൊലീസ് എത്തി ഫോണിലൂടെ ഇവരുടെ ബന്ധുക്കളെ വിളിച്ചാണ് അപകട വിവരം അറിയിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഈസ്റ്റ് പൊലീസ് കേസെടുത്തു.