ചാർജ് തീരുമെന്ന പേടി വേണ്ട ജനറേറ്റർ ഉള്ള ഇലക്ട്രിക്ക് കാറുമായി ഷവോമി

ഇലക്ട്രിക് വാഹന ഉടമകളുടെ ഏറ്റവും വലിയ ആശങ്കയായ റേഞ്ച് പ്രശ്നങ്ങൾക്ക് പരിഹാരവുമായി പ്രമുഖ ടെക് ഭീമനായ ഷവോമി പുതിയ ഹൈബ്രിഡ് എസ്‌യുവി 'സ്കൈനൊമാഡ്' അവതരിപ്പിച്ചു. ബാറ്ററി തീർന്നുപോകുമോ എന്ന ഭയമില്ലാതെ ഒറ്റത്തവണ ചാർജിലും ഫുൾ ടാങ്കിലും 1,706 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന സവിശേഷതയുമായാണ് ഈ വാഹനം എത്തുന്നത്. ചൈനയിൽ മാത്രം ലഭ്യമാകുന്ന ഈ എസ്‍യുവിക്ക് ഏകദേശം 36,000 ഡോളറാണ് (30 ലക്ഷത്തോളം രൂപ) പ്രാരംഭ വില.

എക്സ്റ്റൻഡഡ് റേഞ്ച് ഇലക്ട്രിക് വെഹിക്കിൾ (ഇആർഇവി) സാങ്കേതികവിദ്യയിലാണ് സ്കൈനൊമാഡ് ഒരുക്കിയിരിക്കുന്നത്. സാധാരണ ഹൈബ്രിഡ് കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിലെ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ വാഹനത്തിന്റെ ചക്രങ്ങളിലേക്ക് നേരിട്ട് കരുത്ത് പകരുന്നില്ല. മറിച്ച്, ബാറ്ററി ചാർജ് ചെയ്യാനുള്ള ഒരു ഇൻ-ബിൽറ്റ് ജനറേറ്ററായി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുവഴി ദീർഘദൂര യാത്രകളിൽ ചാർജിങ് സ്റ്റേഷനുകൾ തേടി അലയേണ്ടി വരുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാകുന്നു.

ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ കരുത്തുപകരുന്ന വാഹനത്തിന് ഓൾ വീൽ ഡ്രൈവ് ശേഷിയുണ്ട്. 416 ഹോഴ്സ്പവർ കരുത്തുള്ള എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡ് മതി. മണിക്കൂറിൽ 190 കിലോമീറ്ററാണ് പരമാവധി വേഗത. നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിന് പൂർണ്ണമായും ഇലക്ട്രിക് മോഡിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാനാകും. ദീർഘദൂര യാത്രകളിൽ ബാറ്ററി തീരുമ്പോൾ ജനറേറ്റർ തനിയെ പ്രവർത്തിച്ച് ചാർജ് നൽകും. ബാറ്ററി പൂർണ്ണമായി തീർന്ന ശേഷവും 100 കിലോമീറ്ററിന് ശരാശരി 6 ലിറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും ഇത് നൽകുന്നുണ്ട്.

ഷവോമിയുടെ അത്യാധുനിക കുൻലുൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ സീരീസിൽ അഞ്ച് സീറ്റുള്ള എൻ70 മാക്സ്, ഏഴ് സീറ്റുള്ള എൻ90 മാക്സ് എന്നീ രണ്ട് മോഡലുകളാണ് ഉള്ളത്. യാത്രക്കാർക്ക് ഒരു ലിവിങ് റൂമിന്റെ അനുഭൂതി നൽകുന്ന വിധത്തിൽ കറങ്ങുന്ന സീറ്റുകളും സൗകര്യപ്രദമായ ഇന്റീരിയർ ലേഔട്ടുമാണ് വാഹനത്തിന്റെ മറ്റൊരു ആകർഷണം. ഇലക്ട്രിക് ഡ്രൈവിംഗിന്റെ സുഖവും ചാർജിങ് തടസ്സങ്ങളില്ലാത്ത യാത്രയും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനായിരിക്കും ഇത്. 

നിലവിൽ ചൈനീസ് മാർക്കറ്റിൽ മാത്രമാണ് തങ്ങളുടെ ശ്രദ്ധയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഷവോമി 2027-ഓടെ ആഗോള മാർക്കറ്റിലേക്കും പ്രവേശിക്കുന്നുണ്ട്. ബിവൈഡി പോലെ ഷവോമിയും ഇന്ത്യയിൽ എത്തുമോ എന്നാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്.