തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കൊല്ലത്ത് നീണ്ടകരയിൽ പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കുന്നു. ഇതിനുള്ള സ്ഥലപരിശോധന പൂർത്തിയായി. മണ്ണുപരിശോധന കൂടി പൂർത്തിയാക്കിയ ശേഷം റഡാർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. തീവ്രമഴ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന എസ്-ബാൻഡ് റഡാർ ആണ് നീണ്ടകരയിൽ സ്ഥാപിക്കുന്നത്. റഡാർ പ്രവർത്തനസജ്ജമാകുന്നതോടെ അറബിക്കടൽ കേന്ദ്രീകരിച്ചുള്ള കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും കൂടുതൽ കൃത്യമാകുമെന്നാണ് പ്രതീക്ഷ. കൊല്ലത്ത് സ്ഥാപിക്കുന്ന റഡാറിന് ഏകദേശം 250 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിയും. നിലവിൽ കേരളത്തിൽ കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും വലിയ റഡാർ സംവിധാനം കൊച്ചിയിലാണ്. തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ റഡാർ സംവിധാനത്തിൽ നിന്നുള്ള വിവരങ്ങളും കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ വയനാട്ടിൽ ചെറിയ റഡാറും പ്രവർത്തിക്കുന്നുണ്ട്.