ഓഗസ്റ്റ് ഏഴിനാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശാലത ചെങ്കള ആശുപത്രിയിൽ കാറോടിച്ച് എത്തുന്നത്. തുടർന്ന് മികച്ച ചികിത്സയ്ക്കായി ചെങ്കള ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഓഫീസിൽ വച്ചാണ് ആശാലത വിഷം കഴിച്ചതെന്നാണ് വിവരം. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥലംമാറ്റത്തെത്തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാസർഗോഡ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.