വർക്കല: ശക്തമായ മഴയെത്തുടർന്ന് വർക്കല പാപനാശം സൗത്ത് ക്ലിഫിൽ മൂന്നിടങ്ങളിലായി വൻ കുന്നിടിച്ചിൽ. ആലിയിറക്കം ബീച്ചിനും ഏണിക്കൽ ബീച്ചിനും ഇടയിലുള്ള ഭാഗത്താണ് പ്രധാന സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം.
കുന്നിന്റെ മധ്യഭാഗത്തുനിന്ന് എട്ട് മീറ്ററിലധികം വിസ്തൃതിയിലുള്ള ഭാഗം താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുന്നിൽനിന്നുള്ള കല്ലും മണ്ണും തീരത്തേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഏണിക്കൽ ബീച്ചിലും രണ്ടിടങ്ങളിൽ സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമാണങ്ങളും കുന്നിന്റെ സ്വാഭാവിക ഘടന തകർക്കുന്ന ഇടപെടലുകളുമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുന്നിടിഞ്ഞ ഭാഗങ്ങളിൽ കോൺക്രീറ്റ് പാളികൾ പുറത്തുകാണുന്ന നിലയിലാണ്. കുന്ന് തുരന്നുള്ള കെട്ടിട നിർമാണങ്ങൾ പ്രദേശത്ത് വ്യാപകമാണെന്ന് ആരോപണമുയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
അപകടസാധ്യതയും കടൽക്ഷോഭവും കണക്കിലെടുത്ത് തീരത്തേക്ക് സഞ്ചാരികളുടെ പ്രവേശനം പോലീസ് വിലക്കിയിട്ടുണ്ട്. എന്നാൽ, ഈ വിലക്കുകൾ ലംഘിച്ച് ആലിയിറക്കം ബീച്ചിൽ അന്യസംസ്ഥാന വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ആശങ്ക വർധിപ്പിക്കുന്നു. ടൂറിസം പോലീസിന്റെയും ലൈഫ് ഗാർഡുകളുടെയും മുന്നറിയിപ്പുകൾ അവഗണിക്കുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ കടുത്ത നടപടികൾ വേണമെന്നാണ് ആവശ്യം.