കടം വാങ്ങിയ പണം തിരികെ തരാമെന്നു പറഞ്ഞ് വിളിപ്പിച്ചു വരുത്തി വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ തരാമെന്നു പറഞ്ഞ് വിളിപ്പിച്ചു വരുത്തി വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കുബണൂർ സ്വദേശികളായ റിസ്‌വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. 64-കാരനായ വ്യാപാരിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് നടപടി.

ഓഗസ്റ്റ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുൻപ് വാങ്ങിയ 5,000 രൂപ തിരികെ തരാമെന്ന് പറഞ്ഞ് റിസ്‌വാന വ്യാപാരിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിൽ വെച്ച് ദൃശ്യങ്ങൾ പകർത്തി. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 1,500 രൂപയും കാറിന്റെ ചാവിയും ചെറിയ ഫോണും തട്ടിയെടുത്തു. ശേഷം കാറിലുണ്ടായിരുന്ന 25,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും രണ്ട് എടിഎം കാർഡുകളും കൈക്കലാക്കി.