ചെംഗൽപേട്ട്: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ സി ജോസഫ് വിജയ്‌യും ഭാര്യ സംഗീത സ്വർണലിങ്കവും തമ്മിലുള്ള വിവാഹമോചന കേസിൽ വൻ ട്വിസ്റ്റ്. ഇന്ന് വാദം കേൾക്കൽ ചെംഗൽപേട്ട് കുടുംബ കോടതിയിൽ നടന്നപ്പോൾ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ട എന്ന നിലപാട് സംഗീത അറിയിച്ചു. ഹർജി പിൻവലിക്കുന്നെന്ന് സംഗീത അറിയിക്കുകയായിരുന്നു. സംഗീത വിഡിയോ കോൺഫറൻസിലൂടെ ഹാജരായി തീരുമാനം അറിയിക്കുകയായിരുന്നു. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് അടക്കം ആരോപിച്ച് ഫെബ്രുവരിയിലാണ് സംഗീത ഹർജി നൽകിയത്. അതിനിടെ വിജയ്‌യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ പിന്നീട് റിപ്പോർട്ടുകൾ വന്നു. സംഗീത നൽകിയ വിവാഹമോചന നോട്ടിസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വൻ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹർജി ചെംഗൽപട്ട് കുടുംബ കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇരുപക്ഷവും കോടതിയിൽ ഹാജരാകാതിരുന്നതോടെ വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗൽപട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.
ഏപ്രിൽ 20ന് നടന്ന വാദം കേൾക്കലിൽ, പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാപരമായ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീർണതകളും നിലനിൽക്കുന്നതിനാലും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ഇരുവിഭാഗവും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിജയിക്കും സംഗീതയ്ക്കും എന്ന് നേരിട്ട് ഹാജരാകാൻ സാധിക്കുമെന്ന് ജഡ്ജി അഭിഭാഷകരോട് ആരായുകയും ജൂൺ മാസത്തിൽ സാധ്യമാകുമെന്ന് അവർ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് അടുത്ത വാദം കേൾക്കൽ ജൂൺ 15ലേക്ക് മാറ്റി വെച്ചിരുന്നത്.അന്ന് ജഡ്ജി സുജാതയ്ക്ക് മുൻപാകെ കേസ് വീണ്ടും പരിഗണനയ്‌ക്കെത്തി. കേസിന്റെ 'വക്കാലത്ത് നാമ' ഇതുവരെ സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് നടപടികൾക്കിടെ ജഡ്ജി സംഗീതയുടെ അഭിഭാഷകനോട് ചോദിച്ചു. കൂടാതെ, ഇരു വ്യക്തികളുടെയും സാധുവായ ഇമെയിൽ വിലാസങ്ങൾ ഉൾപ്പെടുത്താത്തതിനാൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി തേടിയുള്ള ഹർജി കോടതി തള്ളി. ഹർജിക്കാരിയായ സംഗീതയുടെയും എതിർകക്ഷിയായ മുഖ്യമന്ത്രി വിജയിയുടെയും ഇമെയിൽ വിലാസങ്ങൾ ആദ്യം കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.