ഓണാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടി; ഗൾഫ് വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന, ഈടാക്കുന്നത് ഒന്നര ലക്ഷം രൂപ വരെ

തിരുവനന്തപുരം: ഓണം, വേനലവധി എന്നിവ കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന യാത്രാ നിരക്കിലെ വൻ വർധന. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണയുള്ളതിനേക്കാൾ പത്ത് മുതൽ പതിനഞ്ച് ഇരട്ടി വരെയാണ് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയിരിക്കുന്നത്. അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന സമയമായതിനാലുള്ള യാത്രാത്തിരക്ക് മുതലെടുത്താണ് വിമാനക്കമ്പനികളുടെ ഈ പകൽകൊള്ള.

ഓഗസ്റ്റ് അവസാന വാരത്തോടെയാണ് നിരക്കിൽ വലിയ വ്യത്യാസം വരുന്നത്. ഓഗസ്റ്റ് 30-നൊക്കെ കേരളത്തിൽ നിന്നുള്ള നേരിട്ടുള്ള ഗൾഫ് വിമാനങ്ങൾക്ക് 80,000 മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് നേരത്തെ തന്നെ 6,000 രൂപയിൽ നിന്ന് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസികളെ വീണ്ടും പിഴിയുന്ന ഈ ഉത്സവകാല കൊള്ള. അതേസമയം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിലവിൽ 12,000 മുതൽ 22,000 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂ.

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇത്രയധികം വർധനവില്ലെന്ന് മാത്രമല്ല, കേരളത്തെ അപേക്ഷിച്ച് 40 ശതമാനത്തോളം കുറവുമാണ്.

യാത്രാത്തിരക്ക് മുതലെടുത്തുള്ള ഈ രഹസ്യ നീക്കത്തിനെതിരെ കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് രംഗത്തെത്തി. വിമാനക്കമ്പനികളുടെ ഈ കൊള്ള തടയാൻ സംസ്ഥാന സർക്കാരും എം.പിമാരും കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.വി. മുരളീധരനും ജനറൽ സെക്രട്ടറി വിക്ടർ ഫെർണാണ്ടസും ആവശ്യപ്പെട്ടു.