വന്നു, കഴിച്ചു, പോയി; പതിവ് തെറ്റാതെ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ

പതിവ് തെറ്റാതെ കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. ക്ഷേത്രത്തിലെ മുതിർന്ന വാനര നായകനായിരുന്ന സായിപ്പിന്റെ വിയോഗത്തെ തുടർന്ന് പൗത്രന്റെ നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ ഉണ്ട് ആഹ്ലാദിച്ചു. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ചന്ത കുരങ്ങന്മാർക്ക് സദ്യ ഇനിയും അകലെ.

ശാസ്താംകോട്ട ധർമ്മ ശാസ്താ ക്ഷേത്ര ഊട്ട്പുരയിൽ ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ്. 101 കൂട്ടം കറികൾ വാനര ഭോജനശാലയിൽ സദ്യ തയ്യാറാക്കി വച്ചു. സംഘത്തിലെ ഇപ്പോഴത്തെ മൂപ്പൻ സായിപ്പിന്റെ പിൻമുറക്കാരനായ അന്ദ്രുവിന്റെ നേതൃത്വത്തിൽ ചിങ്ങനയ്യനും കുട്ടനും ലക്ഷമിയും വാല് മുറിയനും ഒറ്റകയ്യനും രാജയും പിന്നെ പടയപ്പയും ആദ്യ പന്തിയിൽ എത്തി. നീലൻ വാനരനും വിടവാങ്ങിയതോടെ വാനരന്മാരെ നിരീക്ഷിക്കാൻ ഇപ്പോൾ ഇല്ല. മൂപ്പൻ വന്നു ഇവർക്ക് പിന്നാലെ മറ്റുള്ളവർ കൂടി എത്തി. തമ്മിൽ തല്ലിയും കലഹിച്ചും വാനരൻമാർ സദ്യ അലങ്കോലമാക്കി. അതേ സമയം സദ്യയ്ക്ക് മുമ്പെ വാനര പട ഇക്കുറിയും തമ്മിൽ ഏറ്റുമുട്ടി.

തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി കുരങ്ങന്മാരുടെ ഓണ സദ്യ അങ്ങനെ കെങ്കേമമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ.

അതേ സമയം ക്ഷേത്ര വാനരന്മാരുടെ ഊര് നിയമം പാലിക്കാത്ത വാനരന്മാർക്ക് ഭ്രഷ്ട് കൽപ്പിച്ചതോടെ പുറത്താക്കപ്പെട്ട കുരങന്മാർ ചന്തകുരങ്ങന്മാരുമായി ചേർന്ന് മറ്റൊരു സംഘം രൂപീകരിച്ചു പിളരുന്തോറും വളരുമെന്ന് പറയും പോലെ ചന്ത കുരങ്ങന്മാർ 3 സംഘങ്ങളായി വളർന്നു അംഗ സംഘ്യ 500 ൽ എത്തി. ഇവർ സംഘങ്ങൾ തമ്മിൽ സംഘടനം പതിവായി. വിവേചനമില്ലാതെ ചന്തകുരങ്ങന്മാർക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടാണ് പ്രായം. അതേ സമയം ക്ഷേത്ര കുര കാരുടെ എണ്ണം നാൾക്കു നാൾ കുറഞ്ഞ് കുറഞ്ഞ് 50തായി.