സംസ്ഥാനത്ത് ഓണനാളുകളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്ത് ഓണനാളുകളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 25 വരെ ഒറ്റപ്പെട്ട നേരിയ മഴ തുടരും. ഞായറാഴ്ച വടക്കൻ ജില്ലകളിലും തിങ്കളാഴ്ച മധ്യകേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഞായറാഴ്ച കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദം തുടരുകയാണ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

ഇരട്ട ചക്രവാതച്ചുഴികളുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.