കെ.ബി. ഗണേഷ് കുമാർ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുൻ സ്പീക്കർ എ.എൻ. ഷംസീർ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയനെപ്പോലുള്ള നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്, എന്നാൽ ഷംസീർ ചുളവിൽ നേതാവായ ആളാണ്. സഖാക്കൾ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണയും അധികാരം നേടാനുള്ള അവസരം നഷ്ടമായതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചത്. നേതാക്കൾക്കുണ്ടായ ധിക്കാരവും ധാർഷ്ട്യവും പരാജയത്തിന്റെ ആക്കം കൂട്ടി. പിണറായി വിജയന്റെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയാണ്. എസ്.എൻ.ഡി.പിക്ക് എതിരായ കേസുകളിൽ ഇടപെട്ട് പി. ശശി നിരന്തരം പാരകൾ വെക്കുകയായിരുന്നുവെന്നും മുൻപ് ഇ.കെ. നായനാരുടെ കൂടെയുണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നത്. പിണറായിയെ നേരിട്ട് എതിർക്കാൻ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്നത്. പിണറായിക്ക് ചെയ്തു തരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തു തന്നിട്ടില്ലെങ്കിലും താൻ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മതേതരത്വം പറഞ്ഞുനടന്ന ഈഴവർ ഒരിടത്തും എത്തിയിട്ടില്ലെന്നും ഇനി നൂറ് കൊല്ലം കഴിഞ്ഞാലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.