*മൈസുരുവിൽൽകഴിഞ്ഞ എട്ടിന് കെ എസ് ആർ ടി സി ബസ്മറിഞ്ഞ്ഡ്രൈവറും കണ്ടക്ടറും മരിച്ച സ്ഥലത്തിന് സമീപം കെ എസ് ആർ ടി സിബസിനു നേരെ കവർച്ചാ ' സംഘത്തിൻ്റെമുട്ടയേറ് ;അന്വേഷണത്തിന് കെ എസ് ആർടിസി*

കാസർകോഡ് ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദിയില്‍ കേരളത്തിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെ കവര്‍ച്ചാ സംഘം മുട്ടയേറ് നടത്തി.
കഴിഞ്ഞ എട്ടിന് കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സ്ഥലത്തിന് സമീപമായിരുന്നു സംഭവം. ഇതോടെ അന്നത്തെ അപകടത്തിന് പിന്നിലും ഇത്തരം ആക്രമണമുണ്ടോയെന്ന സംശയം ശക്തമായി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി.
ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർഡീലക്സ് ബസിന് നേരെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് രണ്ട്ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ബസിന്റെ മുന്നിലെ ഗ്ലാസിന് നേരെ മുട്ടയെറിയുകയായിരുന്നു. അറുപതോളം യാത്രക്കാരുമായി വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ മുട്ട പതിച്ചയുടന്‍, കവര്‍ച്ചാ ശ്രമമാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ സുരേഷ് ഉടൻ ബസിൻ്റെ വേഗത കുറച്ചു. വൈപ്പര്‍ ഉപയോഗിച്ചാല്‍ മുട്ട പടര്‍ന്ന് കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെടുമെന്ന് മനസ്സിലാക്കി വൈപ്പര്‍ ഇടാതെ ബസ് കുറെ ദൂരം മുന്നോട്ട് ഓടിച്ച് വെളിച്ചമുള്ള സുരക്ഷിത സ്ഥലത്ത് ഒതുക്കി നിര്‍ത്തുകയായിരുന്നു.ഇതുകണ്ടതോടെ അക്രമി സംഘം പിൻമാറി. പിന്നീട് ഗ്ലാസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. 
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കി. ബിഡദിയിലെ മലയാളിസമാജവും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് ഇതരസംസ്ഥാനക്കാരുടെ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്കു നേരെ മുട്ടയേറ് നടത്തിയ ശേഷം കവർച്ച ചെയ്ത സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.