വർക്കല: ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ രഞ്ജിത്തിനാണ് അതിക്രമം നേരിട്ടത്. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെയായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂമിന് സമീപം യാത്രക്കാരോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. പ്രതികൾ ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും നെഞ്ചിൽ തള്ളിമാറ്റുകയും ചെയ്തു. സംഭവം മൊബൈൽ ഫോണിൽ പകർക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചെടുക്കാനും ശ്രമം നടന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു.
പ്രതികൾ വർക്കല ജനാർദ്ദനപുരം സ്വദേശികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.