*മിന്നൽ പ്രളയത്തിന് കാരണം കൂറ്റൻ മഞ്ഞുമലയുടെ തകർച്ച*

കാഠ്മണ്ഡു: നേപ്പാളിൽ ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം കൂറ്റൻ മഞ്ഞുമലയുടെ തകർച്ചയെന്ന് കാലാവസ്ഥ ശാസ്‌ത്രജ്ഞർ. ടിബറ്റന്‍ അതിര്‍ത്തിയിലെ ഉയര്‍ന്ന മലനിരകളില്‍ നിന്ന് കൂറ്റന്‍ ഹിമപാളി തകര്‍ന്ന് ലെന്ദേഖോല നദിയിലേക്ക് പതിക്കുകയായിരുന്നു. ടണ്‍ കണക്കിന് ഭാരമുള്ള മഞ്ഞും കൂറ്റന്‍ പാറക്കെട്ടുകളും ഇടിഞ്ഞുവീണ് നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും ഭീമാകാരമായ ഒരു താല്‍ക്കാലിക തടയണ രൂപപ്പെടുകയും ചെയ്തു. ഇവിടെ വന്‍തോതില്‍ ജലം കെട്ടിക്കിടന്നു. മിനിറ്റുകൾക്കകം സമ്മര്‍ദ്ദം താങ്ങാനാവാതെ ഈ തടയണ തകര്‍ന്നതോടെയാണ് അണക്കെട്ട് പൊട്ടിയതിന് സമാനമായ അവസ്ഥ രൂപപ്പെട്ടത്. മിനിറ്റില്‍ 9 മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നാണ് ഭോട്ടെകോഷി, തൃശൂലി നദികളിലേക്ക് പ്രളയം ഇരച്ചുകയറിയത്. ഭൗമശാസ്ത്ര കേന്ദ്രങ്ങളിലെ സീസ്‌മോഗ്രാഫില്‍ ഭൂകമ്പത്തിന് സമാനമായ തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ കാരണം ഈ മലയിടിച്ചിലിന്റെ ആഘാതമായിരുന്നു. അതേസമയം, ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നും നദിയുടെ മുകള്‍ത്തട്ടില്‍ ഇനിയും കൂറ്റന്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നും ഇവ വീണ്ടും ഒഴുക്ക് തടസ്സപ്പെടുത്തിയാല്‍ രണ്ടാമതൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ശാസ്‌ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇതേത്തുടര്‍ന്ന് നദീതീരങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളോട് പൂര്‍ണ്ണമായും ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. 

ഉയര്‍ന്ന ഹിമാലയന്‍ തടാകങ്ങളിലെ ജലനിരപ്പ് ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്. നദിയില്‍ അടിഞ്ഞുകൂടിയ ചെളിയുടെ അളവ് മുന്‍പെങ്ങുമില്ലാത്തവിധം ഉയര്‍ന്നതാണ് പ്രളയത്തിന്റെ ആഘാതം കൂട്ടിയത്. ജലത്തിന്റെ ഒഴുക്കിന് ഭാരം കൂടിയത് കെട്ടിടങ്ങള്‍ എളുപ്പത്തില്‍ തകരാന്‍ കാരണമായി. അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം ദുരന്തത്തിന്റെ ആഘാതം പഠിക്കാന്‍ കാഠ്മണ്ഡുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.