മലപ്പുറത്ത് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഏഴുതല സ്വദേശികളായ ഫാസിൽ, സാഹിർ എന്നീ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.

തീറ്റ ഇറക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന കമ്പിയിൽ നിന്ന് ഇവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കും.