സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പും ഉണ്ട്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് തുടരും.

ഓറഞ്ച് മുന്നറിയിപ്പ് ഉള്ള ഇടങ്ങളിൽ മഴ ശക്തമായാൽ രുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും കഴിയുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കാൻ തയ്യാറാകണം.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.