മത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് ഒരു മാസം തികയുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിലാണ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. ഷിജിനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കുടുംബം മുപ്പതാം ചരമദിനം ആചരിക്കും.
അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് നടക്കുക. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി മുപ്പതാം ചരമദിനം നടത്തുന്നത്. ജൂലൈ 31നായിരുന്നു മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായത്.
അതേസമയം, മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ സർക്കാർ അനാസ്ഥ തുടരുകയാണ്. തിരച്ചിലിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നും കുടുംബങ്ങൾക്ക് പരാതിയുണ്ട്. തിരച്ചിൽ ഊർജിതമാക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെ വീട്ടിലെത്തി ഉറപ്പുനൽകിയ വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന്റെ വാക്ക് പാഴ്വാക്കായി. ഉറ്റവർക്കായുള്ള തിരച്ചിൽ എവിടെ എത്തിയെന്ന് കുടുംബത്തിന് ഒരു മറുപടി നൽകാൻ പോലും വകുപ്പുമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്ത് തരത്തിലുള്ള തിരച്ചിലാണ് വകുപ്പിന്റെ ഭാഗമായി നടക്കുന്നതെന്ന് വകുപ്പ് മന്ത്രി അറിയുന്നുണ്ടോ എന്നാണ് ഉയരുന്ന വിമർശനം.