പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ അഞ്ചംഗ സംഘത്തിന്റെ യാത്ര ഒടുവിൽ കണ്ണീരിലായി. കോയമ്പത്തൂരിൽ നിന്നെത്തിയ സംഘത്തിലെ ഭാനുപ്രിയ (40)യാണ് കുത്തൊഴുക്കിൽപ്പെട്ട് മ.രി.ച്ചത്. സുഹൃത്തായ ഭരത് (35) അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളച്ചാട്ടത്തിന് മുകളിലായി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഭാനുപ്രിയയുടെ കാൽ പാറയിൽ നിന്ന് വഴുതി ശക്തമായ ഒഴുക്കിലേക്ക് വീണത്. സുഹൃത്തിനെ രക്ഷിക്കാനായി ഭരതും പിന്നാലെ വെള്ളത്തിലിറങ്ങി. എന്നാൽ ഇരുവരെയും കുത്തൊഴുക്ക് വലിച്ചിഴച്ച് വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോയി.
ഏകദേശം 700 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് ഇരുവരും പതിച്ചെങ്കിലും, നൂറടി താഴെയുള്ള കയത്തിൽ വീണ് പാറയിടുക്കിൽ കുടുങ്ങിയതിനാൽ ഭരത് രക്ഷപ്പെട്ടു. എന്നാൽ ഭാനുപ്രിയയെ ഒഴുക്ക് കൂടുതൽ താഴേക്ക് കൊണ്ടുപോയി.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം 500 അടി താഴെയുള്ള കൊന്നക്കൽക്കടവിൽ ഭാനുപ്രിയയുടെ മൃ.ത.ദേഹം കണ്ടെത്തിയത്.
അപകടവിവരം അറിഞ്ഞ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ജീവൻ പോലും പണയംവെച്ച് വടത്തിന്റെ സഹായത്തോടെ പാറയിടുക്കിലേക്ക് ഇറങ്ങിയ നാട്ടുകാരനായ സെബാസ്റ്റ്യൻ, അവശനിലയിലായിരുന്ന ഭരതിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് ഫയർഫോഴ്സും സ്പെഷൽ ടാസ്ക് ഫോഴ്സും നടത്തിയ മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഭരതിനെ മുകളിലെത്തിച്ചത്.
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയ ഒരു യാത്ര… ഒടുവിൽ ഒരു കുടുംബത്തിന് തീരാവേദനയായി.
സമയോചിതമായി ഇടപെട്ട നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും ധീരമായ ഇടപെടലാണ് ഒരു ജീവൻ കൂടി രക്ഷിച്ചത്.