ചാർജ് ഈടാക്കുന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനം പറയേണ്ട സമയമായിട്ടില്ലെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. സർക്കാരിന്‍റെ നിയമഭേദഗതി പ്രക്രിയകൾ നടക്കുകയാണ്. ഡിജിറ്റൽ പൊതുസംവിധാനങ്ങൾ കൂടുതൽ ശക്തമായി നിലനിൽക്കണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഇതിന്‍റെ ചെലവ് ആരെങ്കിലും വഹിച്ചേ തീരൂ. നിലവിൽ തന്നെ സർക്കാരോ ബാങ്കുകളോ ഈ ഭാരം ചുമക്കുന്നുണ്ട്. ഭാവിയിൽ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരുമായി ചേർന്ന് തീരുമാനിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവർണർ വ്യക്തമാക്കി.
ബാങ്കിംഗ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് സാധാരണക്കാരായ ഉപയോക്താക്കളെ ഈ നിരക്ക് വർധന ബാധിക്കില്ലെന്നാണ് കരുതുന്നത്. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അയക്കുന്ന ഉപയോക്താക്കൾക്ക് തുക പൂർണ്ണമായും സൗജന്യമായിരിക്കും. പ്രതിവർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരെയും സേവന നിരക്കിൽ നിന്ന് ഒഴിവാക്കും. എന്നാൽ പ്രതിവർഷം 1.5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സൂപ്പർമാർക്കറ്റുകൾ, വൻകിട ബ്രാൻഡുകൾ തുടങ്ങിയവരിൽ നിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3% മുതൽ 0.5% വരെ നിരക്ക് ഈടാക്കാനാണ് ആലോചന.
2020 മുതൽ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ സേവന നിരക്കുകൾ സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ പ്രതിമാസം കോടിക്കണക്കിന് ഇടപാടുകൾ നടക്കുന്ന യുപിഐ ശൃംഖല തടസമില്ലാതെ പരിപാലിക്കാൻ ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്പുകൾക്കും വലിയ തുക ചെലവാകുന്നുണ്ട്. പുതിയ സേവന നിരക്ക് വരുന്നതോടെ ഈ മേഖലയിലേക്ക് കൂടുതൽ സാങ്കേതിക മുന്നേറ്റങ്ങളും സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരാൻ കമ്പനികൾക്ക് സാധിക്കും.