സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് യുവതി എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അതിസുന്ദരിയായ ഒരു മുഖചിത്രം മുൻമന്ത്രിക്ക് അയച്ചുനൽകി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ചിത്രങ്ങൾ കണ്ട് വിശ്വസിച്ച ഗുലാം റസൂൽ വിവാഹത്തിന് സമ്മതിച്ചു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോളിലൂടെ ഇരുവരും വിവാഹിതരായി. എന്നാൽ ചടങ്ങുകൾക്ക് ശേഷം ഭാര്യയെ നേരിൽ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിയുന്നത്. തനിക്ക് അയച്ചുതന്ന ചിത്രങ്ങളിലുള്ള മുഖവുമായി നേരിൽ കണ്ട യുവതിക്ക് യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇദ്ദേഹം ഉടൻ തന്നെ വിവാഹമോചനം നേടുകയായിരുന്നു.
യുവതിക്കെതിരെ പാകിസ്താനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവൻഷൻ ആക്ട് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് മുൻമന്ത്രിയുടെ ആവശ്യം. വിവാഹമോചനത്തിന് ശേഷവും യുവതി തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. താൻ മരിച്ചെന്ന തരത്തിൽ വ്യാജവാർത്തകളും ചിത്രങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കൂടാതെ, ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഗുലാം റസൂൽ ഉന്നാറിന്റെ പരാതിയിൽ പറയുന്നു.