യുഎഇയിൽ വാണിജ്യ ആവശ്യങ്ങൾക്ക് സംഗീതം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീസ് ഏർപ്പെടുത്തിക്കൊണ്ട് സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയം പുതിയ മാർഗ്ഗരേഖ ('കളക്ടീവ് മാനേജ്‌മെന്റ് ഇൻ മ്യൂസിക് ഗൈഡ്') പുറത്തിറക്കി. 2026 ഡിസംബർ മുതലാണ് ഫീസ് ഈടാക്കി തുടങ്ങുക.
റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ/ടിവി ചാനലുകൾ, കൺസെർട്ടുകൾ എന്നിവയ്ക്ക് ലൈസൻസ് ഫീസ് നിർബന്ധമാണ്. ഫീസ് 2026 ഡിസംബർ മുതൽ ഈടാക്കും.
മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 'എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷൻ', 'മ്യൂസിക് നേഷൻ' എന്നീ സംഘടനകളാണ് ഫീസ് പിരിച്ചെടുക്കുക. ഗായകർ, സംഗീതസംവിധായകർ, പ്രൊഡ്യൂസർമാർ എന്നിവർക്ക് ഇതിന്റെ റോയൽറ്റി തുക ലഭിക്കും. ഒരു വർഷത്തേക്കാണ് ലൈസൻസ് കാലാവധി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ പരിപാടികൾ, വ്യക്തിഗത/നോൺ-കോമേഴ്‌സ്യൽ ആഘോഷങ്ങൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിരിച്ചെടുക്കുന്ന ആകെ ഫീസിന്റെ 10 ശതമാനം സംഗീതമേഖലയിലെ വളർന്നുവരുന്ന പ്രതിഭകളെയും ഭിന്നശേഷിക്കാരെയും പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച സാംസ്‌കാരിക നിധിയിലേക്ക് നൽകും.
പകർപ്പവകാശ ലംഘനങ്ങൾ തടയാനും സർഗ്ഗാത്മക വ്യവസായത്തെ (Creative industry) പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.