കൊച്ചി മെട്രോ ഇനി 'കേരളം മെട്രോ'; പേര് മാറ്റത്തിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ; പുതിയ വെബ്‌സൈറ്റും പുറത്തിറക്കി


കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.

കൊച്ചി നഗരത്തിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ നിലവിൽ പ്രവർത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാകും.ഇതിനുപുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് കെഎംആർഎൽ ആണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ പദ്ധതികളുടെ നിർമ്മാണ-മേൽനോട്ട ചുമതലയും നിലവിൽ കെഎംആർഎല്ലിനാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, കൊച്ചി എന്ന നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് 'കേരളം മെട്രോ റെയിൽ' എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്ന് ലോക്നാഥ് ബഹ്റ വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളിലെ വിജയകരമായ ദേശീയ മാതൃകകൾ പിന്തുടർന്നാണ് കെഎംആർഎൽ ഈ തീരുമാനത്തിലെത്തിയത്. നാഗ്പൂർ മെട്രോ മഹാരാഷ്ട്ര മെട്രോ ആയും, ലഖ്‌നൗ മെട്രോ ഉത്തർപ്രദേശ് മെട്രോ ആയും, അഹമ്മദാബാദ് മെട്രോ ഗുജറാത്ത് മെട്രോ ആയും പുനഃസംഘടിപ്പിച്ച് സംസ്ഥാനതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച മാതൃകയാണ് കേരളത്തിലും നടപ്പാക്കുന്നത്.പേരുമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചാൽ തുടർനടപടികൾ ആരംഭിക്കും.

അതോടൊപ്പം ഡിജിറ്റല്‍ സാന്നിധ്യം മെച്ചപ്പെടുത്താന്‍ പുതിയ വെബ്‌സൈറ്റും പുറത്തിറക്കിയിട്ടുണ്ട് കൊച്ചി മെട്രോ. വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടാണ് പുതിയ വെബ്‌സൈറ്റിന് കൊച്ചി മെട്രോ രൂപം നല്‍കിയത്. 2017ല്‍ രൂപകല്‍പ്പന ചെയ്ത പഴയ വെബ്‌സൈറ്റിന് പകരമായാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ പതിപ്പ് തയ്യാറാക്കിയത്.

ട്രെയിന്‍ യാത്രക്കാര്‍ക്ക് മാത്രമല്ല, വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നവര്‍ക്കും ബസുകളെയും സൈക്കിളുകളെയും ആശ്രയിക്കുന്നവര്‍ക്കും ഒരേ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. അതായത് മെട്രോ ട്രെയിന്‍, ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ, ഇ-ഓട്ടോ, ഷെയേര്‍ഡ് സൈക്കിള്‍ തുടങ്ങിയ അഞ്ച് യാത്രാമാര്‍ഗങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിന് കീഴില്‍ അണിനിരക്കുന്ന നിലയിലാണ് പരിഷ്‌കരിച്ച വെബ്‌സൈറ്റ്.ട്രെയിന്‍ ഇപ്പോള്‍ എവിടെയെത്തിയെന്നും ലക്ഷ്യസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നുമുള്ള വിവരം കൃത്യമായി അറിയാന്‍ പുതിയ വെബ്‌സൈറ്റ് വഴി സാധിക്കും. പഴയ ബുക്കിങ് സംവിധാനങ്ങളെ ഒട്ടും തടസ്സപ്പെടുത്താതെ തന്നെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് മാത്രമല്ല, വാട്ടര്‍ മെട്രോ ഉപയോഗിക്കുന്നവര്‍ക്കും ബസുകളെയും സൈക്കിളുകളെയും ആശ്രയിക്കുന്നവര്‍ക്കും ഒരേ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

ഓരോ മെട്രോ സ്‌റ്റേഷനുകളിലും ലഭ്യമായ സൗകര്യങ്ങള്‍, സ്‌റ്റേഷനുകളില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ കരിയര്‍, അവസരങ്ങള്‍, ടെന്‍ഡറുകള്‍, കോണ്‍ട്രാക്ടുകള്‍ എന്നിവയെല്ലാം ഇനി ഈ ഒറ്റവെബ്‌സൈറ്റിലൂടെ കൈകാര്യം ചെയ്യാം.