ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആൾക്കുനേരെ ചായക്കടക്കാരൻ തിളച്ച എണ്ണയൊഴിച്ച കേസ് പരസ്പര ധാരണയോടെ ഒത്തുതീർപ്പായി

ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആൾക്കുനേരെ ചായക്കടക്കാരൻ തിളച്ച എണ്ണയൊഴിച്ച കേസ് പരസ്പര ധാരണയോടെ ഒത്തുതീർപ്പായി. അവിട്ടം നാളിൽ വൈകീട്ട് കായംകുളത്തുണ്ടായ സംഭവത്തിൽ, പ്രതിയായ തട്ടുകട ഉടമ അഷറഫ് പൊലീസ് സ്റ്റേഷനിൽ വെച്ച് മാപ്പപേക്ഷിച്ചതിനെത്തുടർന്ന് പരാതിക്കാരനായ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബു പരാതി പിൻവലിക്കുകയായിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷമിട്ട് കടകളിൽ കയറിയിരുന്ന ചന്ദ്രബാബു, അഷറഫിന്റെ തട്ടുകടയിലുമെത്തിയിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മിലുണ്ടായ തമാശാരൂപത്തിലുള്ള വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയും ചന്ദ്രബാബുവിന്റെ ചെവിയിൽ പിടിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ അഷറഫ് തിളച്ച എണ്ണയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ ചന്ദ്രബാബുവിന്റെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു.

തുടർന്ന് ചന്ദ്രബാബു കായംകുളം പൊലീസിൽ പരാതി നൽകി. എന്നാൽ സ്റ്റേഷനിലെത്തിയ അഷറഫ് ചെയ്ത തെറ്റിൽ പരസ്യമായി ക്ഷമാപണം നടത്തിയതോടെയാണ് ചന്ദ്രബാബു പരാതിയില്ലെന്ന് എഴുതിനൽകാൻ തയ്യാറായത്.