വിവാഹത്തിൽ നിന്ന് പിന്മാറ്റം; പ്രതിശ്രുതവധു ജീവനൊടുക്കി

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരനും കുടുംബവും പിന്മാറിയതിനെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിനിടെ യുവതി ജീവനൊടുക്കിയതായി റിപ്പോർട്ട്.

അരൂർ 23-ാം വാർഡിലെ കിഴക്കേ വേലിക്കകത്ത് അജയൻ–പ്യാരി ദമ്പതികളുടെ മകൾ അനഘ (25) ആണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണ ആരോപിച്ച് പ്രതിശ്രുതവരൻ വിഷ്ണുവിനും കുടുംബാംഗങ്ങൾക്കുമെതിരെ അനഘയുടെ ബന്ധുക്കൾ അരൂർ പൊലീസിൽ പരാതി നൽകി.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ മേഖലയിൽ ജോലി ചെയ്തിരുന്ന അനഘയും അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശി വിഷ്ണുവും ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും എത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ വളകൈമാറ്റ ചടങ്ങും നടന്നിരുന്നു. നവംബറിൽ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു.

ഇതിനിടെ ഇരുവരും തമ്മിൽ ഫോണിലൂടെ ചെറിയ കാര്യങ്ങളെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞയാഴ്ച ഉണ്ടായ തർക്കത്തെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി വിഷ്ണുവിന്റെ മാതാപിതാക്കൾ അനഘയുടെ വീട്ടുകാരെ അറിയിച്ചതായാണ് വിവരം.

ബന്ധം നിലനിർത്താൻ അനഘയും ബന്ധുക്കളും വിഷ്ണുവിന്റെ വീട്ടിലെത്തി സംസാരിച്ചെങ്കിലും തീരുമാനം മാറ്റാൻ കുടുംബം തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വിഷ്ണു തന്നെ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ അനഘ അബുദാബിയിലേക്ക് പോയെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ബുധനാഴ്ച ഗൾഫിൽനിന്ന് തിരിച്ചെത്തിയ അനഘയെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

വീട്ടിലെത്തിയ ശേഷം ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അനഘ പറഞ്ഞിരുന്നു. പിന്നീട് രാത്രി ജോലിയുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് പോയ അനഘയെ വീട്ടുകാർ ഉറങ്ങിയശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഒരു ബന്ധത്തിന്റെ തകർച്ച ഒരിക്കലും ഒരു ജീവിതത്തിന്റെ അവസാനമാകരുത്. 
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർ ഒറ്റയ്ക്ക് അത് നേരിടാതെ വിശ്വസിക്കുന്നവരോടും വിദഗ്ധരോടും സഹായം തേടുക.