വാഹനങ്ങളുടെ പരമാവധി വേഗത നിശ്ചയിക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് നിലവിൽ അധികാരമുള്ളതെന്ന് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുസുരക്ഷ മുൻനിർത്തി വേഗത നിയന്ത്രിച്ച് ഉത്തരവിറക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കും. അതൊഴിച്ചു നിർത്തിയാൽ, നിർമ്മാതാക്കൾ പുറത്തിറക്കുന്ന വാഹനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള രൂപമാറ്റങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനങ്ങൾക്ക് നിയമപരമായ അധികാരമില്ല.
1988-ലെ മോട്ടോർ വാഹന നിയമമനുസരിച്ച്, വാഹന നിർമ്മാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള അടിസ്ഥാന ഘടനയിലോ വിവരങ്ങളിലോ മാറ്റം വരുത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഓരോ വാഹനവും വിപണിയിലിറങ്ങുമ്പോൾ അതിന്റെ രൂപവും സുരക്ഷാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്കോ നിർമ്മാതാക്കൾക്കോ അവകാശമില്ല. അഥവാ അനിവാര്യമായ മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ തന്നെ കേന്ദ്ര സർക്കാരിന്റെ കർശനമായ ചട്ടങ്ങൾ പാലിക്കുകയും, നിയമപരമായ നടപടിക്രമങ്ങളിലൂടെ അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ തിരുത്തി രേഖപ്പെടുത്തുകയും വേണം.
വാഹനങ്ങളിൽ ചെറിയ രീതിയിലുള്ള മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തലത്തിൽ ചർച്ചകളും ആലോചനകളും നടന്നിരുന്നു. വാഹന പ്രേമികൾക്ക് ആശ്വാസകരമാകുന്ന രീതിയിൽ നിയമവിധേയമായി വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ ഇളവുകൾ നൽകാനായിരുന്നു നീക്കം. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമായതോടെ സംസ്ഥാന സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.