പുതിയ ചട്ടങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കളിൽ നിന്നുമായി പരമാവധി ഒൻപത് മൊബൈൽ കണക്ഷനുകൾ മാത്രമേ സ്വന്തമാക്കാൻ സാധിക്കൂ. എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് ആറായി നിജപ്പെടുത്തിയിട്ടുണ്ട്. പുതിയതായി അപേക്ഷ നൽകുമ്പോൾ ഉപഭോക്താക്കൾ തങ്ങളുടെ പേരിലുള്ള മുഴുവൻ കണക്ഷനുകളുടെ വിവരങ്ങളും ഫോമിൽ വ്യക്തമാക്കണം. അല്ലാത്തപക്ഷം പരിധിക്ക് പുറത്തുള്ള കണക്ഷനുകൾ റദ്ദാക്കപ്പെടും. 2026 ഓഗസ്റ്റ് 17 ന് ഇറക്കിയ സർക്കുലർ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
നിശ്ചിത പരിധി കഴിഞ്ഞവർക്ക് പുതിയ സിം നൽകുന്നത് തടയാൻ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (ഡിഐപി) ഉപയോഗിക്കാൻ ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിധി കഴിഞ്ഞ ഉപഭോക്താക്കളുടെ ഫോട്ടോകൾ ഡിഐപി വഴി കമ്പനികൾക്ക് ലഭ്യമാകും. ഇത് ഉപയോഗിച്ച് പുതിയ കണക്ഷൻ നൽകുന്നത് തടയാനാകും. നിലവിൽ കണക്ഷൻ നൽകി ഒരു ദിവസം കഴിഞ്ഞുള്ള പരിശോധനകളാണ് നടക്കുന്നതെങ്കിലും 2026 നവംബർ 30 നകം ഈ പരിശോധനകൾ തത്സമയം ലഭ്യമാകുന്ന തരത്തിൽ കമ്പനികൾ സംവിധാനം സജ്ജമാക്കണം.
കൂടാതെ 2026 ലെ ടെലികമ്മ്യൂണിക്കേഷൻ നിയമപ്രകാരം സിം കാർഡുകൾ സ്വന്തമാക്കുന്നതിനും വിവരങ്ങൾ പുതുക്കുന്നതിനും സേവനം അവസാനിപ്പിക്കുന്നതിനും ബയോമെട്രിക് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ ഉള്ളവർക്ക് ഇ-കെവൈസി വഴിയും അല്ലാത്തവർക്ക് തത്സമയ ഫോട്ടോയും രേഖകളും ഉൾപ്പെടുത്തിയുള്ള ഡി-കെവൈസി വഴിയും പരിശോധന പൂർത്തിയാക്കാം. മറ്റുള്ളവരുടെ പേരിൽ വ്യാജമായി സിം കാർഡുകൾ എടുക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും കർശനമായി തടയാൻ പുതിയ സംവിധാനങ്ങൾ സഹായിക്കും.