തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.
കേരള പൊലീസ് സംവിധാനത്തില്‍ പൊലീസ് സ്‌റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ്മ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണ് സർക്കാറെന്നും കേരള പൊലീസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.
കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാറിന്റെ പ്രഥമ പരിഗണന. ഉയർന്ന ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നൽകും. 20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനമായി. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം വരും. പരാതികളുടെ എണ്ണം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഡിജിറ്റലായി നിരീക്ഷിക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്ന പ്രധാന മാറ്റങ്ങൾ.
ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നല്‍കുന്ന മൈ പൊലിസ് സ്റ്റേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
മൈ പൊലിസ് സ്റ്റേഷന്‍ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍, മേയര്‍ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊലീസ് സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം മൂന്നാംമുറ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വനിതകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കും. സൈബര്‍ ക്രൈം, നിയമസഹായം എന്നിവയ്ക്കായുള്ള പ്രത്യേക ഹെല്‍പ് ഡെസ്‌കുകളും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.