കുളത്തൂപ്പുഴയിൽ നിർത്തിയിട്ട ലോറി ഉരുണ്ടുമാറി ഡ്രൈവർക്ക് ദാരുണാന്ത്യം

​കുളത്തൂപ്പുഴ: നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് ഉരുണ്ടുമാറി ഡ്രൈവർ മതിലിനും ലോറിക്കുമിടയിൽ കുടുങ്ങി ദാരുണമായി മരിച്ചു. കൊട്ടാരക്കര തലച്ചിറ മുസ്ലിം പള്ളിക്ക് സമീപം നമ്പാളി അയ്യത്ത് അൽ അമീൻ (45) ആണ് മരിച്ചത്.
​തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ അയ്യൻപിള്ള വളവിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തലച്ചിറയിൽ നിന്നും വീട് നിർമ്മാണത്തിനുള്ള തടിയുമായി എത്തിയതായിരുന്നു ലോറി. അയ്യൻപിള്ള വളവിന് സമീപമുള്ള വീട്ടിലേക്ക് തടി ഇറക്കുന്നതിനായി വാഹനം ഇടറോഡിലേക്ക് തിരിക്കുന്നതിനിടയിലാണ് അപകടം നടന്നത്.
​പാതയ്ക്ക് ആവശ്യത്തിന് വീതിയുണ്ടോ എന്ന് ഇറങ്ങി പരിശോധിക്കുന്നതിനായി അൽ അമീൻ വാഹനം നിർത്തി പുറത്തിറങ്ങി. ഈ സമയം ലോറി അപ്രതീക്ഷിതമായി പിന്നോട്ട് ഉരുണ്ടു നീങ്ങുകയും, സമീപത്തെ വീടിന്റെ മതിലിനും ലോറിക്കുമിടയിൽ ഡ്രൈവർ ഞെരിഞ്ഞു അമരുകയുമായിരുന്നു. അപകട സമയത്ത് വാഹനത്തിൽ അൽ അമീൻ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.