ഓട്ടോഡ്രൈവർ ജീവനൊടുക്കിയ സംഭവം; ഗതാഗത മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ ഗതാഗത മന്ത്രി സിപി ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഷൗക്കത്തിന്‍റെ വീട്ടിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജന്‍റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ടായിരുന്നു.

തന്‍റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മോട്ടോർവാഹന വകുപ്പ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.


ഷൗക്കത്ത് മരണപ്പെട്ടു. അല്ല, ഈ സിസ്റ്റം അയാളെ കൊന്നു.

അഞ്ച് വർഷം മുമ്പാണ് മഞ്ചേരി ഗ്രാന്റ്‌ ഓട്ടോ ഷോറൂമിൽ നിന്നും പുതുതായൊരു ഓട്ടോ വാങ്ങുന്നത്. ആ ഓട്ടോ വാങ്ങുമ്പോൾ അതോടിച്ച് ലഭിക്കുന്ന വരുമാനും കൊണ്ട് ജീവിതം തള്ളി നീക്കാമെന്ന് അയാൾ കരുതിയിരിക്കണം. 

ആദ്യ തവണ ഫിറ്റ്നസ് രേഖകളെല്ലാം പോസ്റ്റൽ വഴി വീട്ടിലെത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം ഫിറ്റ്നസ് പുതുക്കാൻ ഓട്ടോ സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരം എംവിഡി ഏജന്റിനെ പോയി കണ്ടു.

സർക്കാർ ഫീസിന് പുറമെ രണ്ടായിരം രൂപ അധികം നൽകിയാൽ വാഹനം കാണിച്ച ശേഷം സർട്ടിഫിക്കറ്റ് ലഭിക്കും. നാലായിരം രൂപ നൽകിയാൽ വാഹനം കാണാതെ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭിക്കും. അയാൾ രണ്ടായിരം നൽകി. കാര്യമായ പരിശോധന ഇല്ലാതെ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചു.

പിന്നെയും രണ്ടു വർഷം കഴിഞ്ഞു. ഇത്തവണ ഏജന്റിനെ കണ്ടില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നേരിട്ട് അപേക്ഷിച്ചു. ഷെഡ്യൂൾ വന്ന ദിവസം എല്ലാ പേപ്പറുകളുമായി അയാൾ ഉദ്യോഗസ്ഥനെ കണ്ടു. അയാളൊഴികെ അവിടെ എത്തിയ എല്ലാവരുടെ ഒപ്പവും ഏജന്റുമാർ ഉണ്ടായിരുന്നു. പേപ്പർ എല്ലാ ക്ലിയറായാതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ അയാൾ അവിടെ നിന്നു.

ഷൗക്കത്തിന് മുമ്പുള്ള ഓരോ വാഹനങ്ങളും ഉദ്യോഗസ്ഥൻ നോക്കി. ആ വാഹനങ്ങൾ നോക്കാതെ ഏജന്റുമാരുടെ മുഖം നോക്കി അവർ സർട്ടിഫിക്കറ്റുകൾ നൽകി. ഷൗക്കത്തിന്റെ ഊഴമെത്തി. അയാളൊപ്പം ഏജന്റ് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥൻ സൂക്ഷ്മമായി പരിശോധിച്ചു. ഒന്ന് രണ്ട് കുഞ്ഞുകുത്തികൾ കാണിച്ച് റീപെയിന്റ് ചെയ്യണമെന്ന് നിർദ്ദേശിച്ച് പറഞ്ഞുവിട്ടു.

പെയിന്റ് ചെയ്തു വീണ്ടും വാഹനം ഉദ്യോഗസ്ഥരെ കാണിച്ചു. അടുത്ത ആവശ്യം സൈഡിലുള്ള കമ്പി മുറിച്ചുമാറ്റണം എന്നാണ്.

ആദ്യ തവണ വാഹനം കാണാതെയും രണ്ടാം തവണ വാഹനം കാണിച്ചപ്പോഴും എംവിഡി സർട്ടിഫിക്കറ്റ് നൽകിയ അതേ വാഹനത്തിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി പണം നൽകാതായാപ്പോൾ ഒരു ദിവസം കൊണ്ട് നിയമവിരുദ്ധമായി. 

ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞു. സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ ഏജന്റിനെ കണ്ടു. ഏജന്റ്‌ കൈമലർത്തി. നേരിട്ട് അപേക്ഷിച്ചതിനുള്ള എംവിഡിയുടെ ശിക്ഷ.

ഒരു വർഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങിയിട്ടും പരിഹാരമാവാതായപ്പോൾ ഇന്ന് അയാൾ ഈ ലോകത്തോട് വിട പറഞ്ഞു.

ഷൗക്കത്ത് ദീർഘനാളായി ഫ്രണ്ട് ലിസ്റ്റിലുണ്ട്. വ്യക്തിപരമായി അത്ര പരിചയമൊന്നുമില്ലെങ്കിലും ഷൗക്കത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ട ഉടനെ മെസേജ് അയച്ചു. റിപ്ലെ കിട്ടിയില്ല. അതിനോടകം അയാൾ പോയിരിക്കണം.

ആ വാർത്തയും കണ്ടാണ് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. ബൈക്കോടിക്കുമ്പോൾ റോഡിലുള്ള ഓട്ടോകളിൽ മാത്രമാണ് കണ്ണെത്തിയത്. ഞാന്‍ കണ്ട എല്ലാ ഓട്ടോയിലും സൈഡിൽ ഇരുമ്പ് കമ്പികളോ മറ്റു എക്സ്ട്രാ ഫിറ്റിങ്ങുകളോ ഉണ്ട്. അവർക്കെല്ലാം സർട്ടിഫിക്കറ്റും ലഭിക്കുന്നുണ്ട്.

സംശയം തീർക്കാൻ സുഹൃത്തിനെ വിളിച്ചു. അവനും ഏജന്റ്‌ വഴിയാണ് ഫിറ്റ്നസ് പുതുക്കുന്നതെന്ന് അറിഞ്ഞു. വാഹനം കാണിച്ച് ഫിറ്റ്നസ് വാങ്ങുമ്പോൾ അധികം നൽകേണ്ട വില ആയിരം രൂപയാണത്രെ.

ശരിയാണ്, നിയമം നോക്കിയാൽ എക്സ്ട്രാ ഫിറ്റിങ്ങുള്ള ഒരു വാഹനത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യം ഉദ്യോഗസ്ഥനില്ല. എന്നാൽ അതേ വാഹനവും അതിനെക്കാൾ കൂടുതൽ എക്സ്ട്രാ ഫിറ്റുങ്ങുകളുള്ള വാഹനവും പണം നൽകിയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിൽ പ്രശ്നം നിയമമല്ല. പണമാണ്. 

പണം നൽകിയില്ലെങ്കിൽ ഒരോ തവണയും എംവിഡി കാരണങ്ങൾ ഉണ്ടാക്കി സർട്ടിഫിക്കറ്റ് നൽകാതിരിക്കും. ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളിയിടും. തൂങ്ങിയാടുന്ന മൃതദേഹം നോക്കി അവർ ആനന്ദിക്കും. അധികാരത്തെ ബഹുമാനിക്കാത്ത മനുഷ്യർക്ക് ലഭിക്കുന്ന പരമമായ ശിക്ഷ. ആ മൃതദേഹം കൈകൂലി നൽകാതെ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുന്ന ഓരോ തൊഴിലാളികൾക്കുമുള്ള ശിക്ഷ കൂടിയാണ്.

കേരളത്തിൽ ഒരുപക്ഷെ പ്രകൃതി ദുരന്തങ്ങളിലെക്കാൾ ആളുകൾ മരണപ്പെട്ടത് സർക്കാർ ഉദ്യോഗസ്ഥരുടെ പീഡനങ്ങൾ കാരണം ആത്മഹത്യ ചെയ്തവരായിരിക്കാം. 

ഈ ചോര ഒഴുകുന്ന പണം കൊണ്ട് നിങ്ങൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത്..? നിങ്ങളുടെ മക്കൾക്ക് മിഠായി വാങ്ങി കൊടുക്കുന്നത്..? നിങ്ങളുടെ പങ്കാളിക്ക് വസ്ത്രം വാങ്ങി നൽകുന്നത്..?

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷൗക്കത്ത് ഇങ്ങനെ കുറിച്ചു:

" എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയോ കുട്ടിയോ ഇല്ല. അതിനാൽ എന്റെ മരണത്തിന് ശേഷം കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണുള്ളത്. എന്നാൽ അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ നിങ്ങൾ ഓരോരുത്തരും ശബ്ദം ഉയർത്തണം."

അവസാനത്തെ അയാളുടെ അഭ്യർത്ഥന നമ്മളോടാണ്...!