കല്ലമ്പലത്ത് കിടപ്പുരോഗിയെ വീട്ടിനുള്ളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച: മൂന്ന് പേർ പിടിയിൽ

കല്ലമ്പലം നാവായിക്കുളം ചിറ്റായിക്കോട് പുലർച്ചെ ഒരു മണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അരയ്ക്ക് താഴേക്ക് തളർന്ന് കഴിഞ്ഞ ഒരു വർഷമായി കിടപ്പിലായിരുന്ന നാവായിക്കുളം സ്വദേശി അനിൽകുമാറിനെയാണ് (58) ഒരു സംഘം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. വീട്ടിനുള്ളിൽ കടന്ന പ്രതികൾ അനിൽകുമാറിനോട് പണം ആവശ്യപ്പെടുകയും, പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വാളുകൊണ്ട് കാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. കിടപ്പുരോഗിയായതിനാൽ തനിക്ക് വെട്ടേറ്റ വിവരം അനിൽകുമാർ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. തുടർന്ന് അക്രമികൾ കട്ടിലിനോട് ചേർത്ത് സൂക്ഷിച്ചിരുന്ന ₹3,750 രൂപയും ₹20,000 വിലമതിക്കുന്ന മൊബൈൽ ഫോണും കവർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റവാളികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അശ്വതി ഭവനിൽ 'വാള ബിജു' എന്ന ബിജു, കല്ലമ്പലം വെട്ടിമൺകോണം മനീഷ് ഭവനിൽ 'മാത്തു' എന്ന മനീഷ്, പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. ബഹളം കേട്ടെത്തിയ നാട്ടുകാരും പോലീസും ചേർന്ന് കാലിൽ നിന്ന് അമിതമായി രക്തം വാർന്ന നിലയിൽ കണ്ടെത്തിയ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.