മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ ഹാജരായില്ല

ഏറെ വിവാദമായ മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായില്ല. ഒന്നാം പ്രതി റോജി അഗസ്റ്റിൻ, രണ്ടാം പ്രതി ജോസുകുട്ടി അഗസ്റ്റിൻ, മൂന്നാം പ്രതി ആന്റോ അഗസ്റ്റിൻ എന്നിവർക്കാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശമുണ്ടായിരുന്നത്.  

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കുന്നതിനാണ് ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ പ്രതികൾ കോടതിയിൽ എത്താതിരിക്കുകയും, സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കേസ് ഓഗസ്റ്റ് 20-ലേക്ക് മാറ്റി വെച്ച കോടതി, അന്ന് മൂവരോടും നിർബന്ധമായും ഹാജരാകാൻ ഉത്തരവിട്ടു.