ടാറ്റ സൺസിന്റെ തലപ്പത്തേക്ക് മലയാളി? പുതിയ ചെയർമാനായി ടി.വി. നരേന്ദ്രൻ പരിഗണനയിൽ

മുംബൈ: ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഇതോടെ അടുത്ത ചെയർമാനെ കണ്ടെത്താനുള്ള നടപടികൾക്ക് ടാറ്റാ സൺസ് തുടക്കമിട്ടു. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം പ്രത്യേക സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുക.

ആർട്ടിക്കിൾ 121 പ്രകാരം ഈ കമ്മിറ്റി നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ടാറ്റാ സൺസ് ബോർഡിന് അധികാരമുണ്ട്. അഞ്ചംഗങ്ങളാണ് ഈ പാനലിൽ ഉണ്ടാകുക. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കും. ഒരാളെ ടാറ്റാ സൺസ് ബോർഡും, ഒരാളെ ബോർഡ് നിർദേശിക്കുന്ന സ്വതന്ത്ര അംഗത്തെയുമാണ് ഉൾപ്പെടുത്തുക. ടാറ്റാ ട്രസ്റ്റുകൾ നിർദേശിക്കുന്ന 3 അംഗങ്ങളിൽ നിന്നൊരാളായിരിക്കും പാനൽ ചെയർപേഴ്‌സൺ. പാനൽ അംഗങ്ങളെ നിർദേശിക്കുന്ന പ്രക്രിയ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് ആരംഭിച്ചുകഴിഞ്ഞു.

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ടാറ്റാ സൺസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ല. അതിനാൽ മറ്റൊരാളെത്തന്നെ ചുമതലയേൽപ്പിക്കേണ്ടതുണ്ട്. മുൻപ് രത്തൻ ടാറ്റ രണ്ടു പദവികളും ഒരേസമയം വഹിച്ചിരുന്നെങ്കിലും 2022-ൽ ടാറ്റാ സൺസ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് ഇരുപദവികളും ഒരേ വ്യക്തിക്ക് ഒരുമിച്ച് വഹിക്കാനാവില്ല. സൈറസ് മിസ്ത്രിയും എൻ. ചന്ദ്രശേഖരനും ടാറ്റാ സൺസ് ചെയർമാൻ പദവി മാത്രമാണ് വഹിച്ചിരുന്നത്.

ടാറ്റാ സ്റ്റീൽ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ടി.വി. നരേന്ദ്രനാണ് ചെയർമാൻ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. 1980-കൾ മുതൽ ടാറ്റാ ഗ്രൂപ്പിൽ സജീവമായ നരേന്ദ്രൻ മലയാളി കൂടിയാണ്. എറണാകുളം ചേന്ദമംഗലം തറവാട്ടുകാരനും സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനുമാണ് അദ്ദേഹം. ടാറ്റാ സ്റ്റീൽ, ടാറ്റാ ഇന്റർനാഷണൽ എന്നിവയുടെ ഡയറക്ടറും ടാറ്റാ സ്റ്റീൽ യൂറോപ്പ് ചെയർമാനുമാണ്. 2021, 2022 വർഷങ്ങളിൽ സി.ഐ.ഐ (CII) ചെയർമാനായിരുന്ന അദ്ദേഹം ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിക്കുന്നുണ്ട്. 1995 മുതൽ ഗ്രൂപ്പിലുള്ള, ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എം.ഡി ശൈലേഷ് ചന്ദ്രയുടെ പേരും പരിഗണനയിലുണ്ട്.

എയർ ഇന്ത്യ നേരിടുന്ന പ്രവർത്തന പ്രതിസന്ധി പരിഹരിക്കലാണ് പുതിയ ചെയർമാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കൂടാതെ, ഐ.ടി കമ്പനിയായ ടി.സി.എസിന്റെ ഓഹരിവിലയിലെ ചാഞ്ചാട്ടവും, സൈബർ ആക്രമണത്തെ തുടർന്ന് ജെ.എൽ.ആറിന്റെ ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്നതും വലിയ പ്രതിസന്ധിയാണ്.

ടാറ്റാ സൺസിന്റെ ഐ.പി.ഒ (IPO) സംബന്ധിച്ച തർക്കമാണ് മറ്റൊരു വിഷയം. ആർ.ബി.ഐ ചട്ടപ്രകാരം ലിസ്റ്റ് ചെയ്യണമെന്ന് ചന്ദ്രശേഖരനും 18% ഓഹരിയുള്ള എസ്.പി ഗ്രൂപ്പും ആവശ്യപ്പെടുമ്പോൾ, 66% ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ഇതിനെ എതിർക്കുകയാണ്.