വർക്കലയിൽ ശക്തമായ തിരമാല. പാപനാശത്തും കാപ്പിൽ ബീച്ചിലും ഇറങ്ങരുതെന്ന് ടൂറിസം പോലീസ്

വർക്കലയിൽ ശക്തമായ തിരമാല
വർക്കലയിൽ ശക്തമായ തിരമാല. പാപനാശത്തും കാപ്പിൽ ബീച്ചിലും ഇറങ്ങരുതെന്ന് ടൂറിസം പൊലീസിന്റെ കർശന മുന്നറിയിപ്പുണ്ട്. വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് തടയാൻ ലൈഫ് ഗാർഡുകൾ നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം പാപനാശത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ലൈഫ് ഗാർഡുകൾ സുരക്ഷ ഒരുക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്.പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ കൂടി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ ഒമ്പത് ജില്ലകളില്‍ കനത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. വയനാടും മഴ കനക്കുകയാണ്. ആശങ്കയായി നദികളിലെ ജലനിരപ്പും ഉയരുകയാണ്.


കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറി. എട്ട് കുടുംബങ്ങളിലെ 24 പേരെ കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി. ജില്ലയില്‍ നാല് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്

ജില്ലാതല കൺട്രോൾ റൂം- 04936 204151, 9526804151, 8078409770

വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705

ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707

മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704

പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.