വാറ്റ്ചാരായവും കോടയുമായി കടയ്ക്കൽ കൊണ്ടോടിയിൽ ഒരാൾ പിടിയിലായി

ചടയമംഗലം: കടയ്ക്കൽ, കുമ്മിൾ, കൊണ്ടോടി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജമദ്യ നിർമ്മാണവും വിതരണവും നടത്തിവന്നിരുന്ന വാറ്റ് സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിലായി. ഇന്ന് (ഓഗസ്റ്റ് 15) ഉച്ചയ്ക്ക് 1:50-ഓടെ ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജ്സ് ജി. ബി. യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കടയ്ക്കൽ വില്ലേജിൽ കോട്ടപ്പുറം ദേശത്ത് ദേവധേയം വീട്ടിൽ രവീന്ദ്രൻ്റെ മകനായ 45 വയസുള്ള രാധാകൃഷ്ണൻ ആണ് അറസ്റ്റിലായത്. മാങ്കോട് വില്ലേജിൽ നടപ്പാറ ദേശത്ത്, നടപ്പാറയിൽ നിന്നും കരച്ചിറ മിച്ചഭൂമിയിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിന് സമീപം ഇയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലെ ഷെഡിൽ നിന്നാണ് 3 ലിറ്റർ വാറ്റുചാരായവും 20 ലിറ്റർ കോടയും എക്സൈസ് സംഘം കണ്ടെടുത്തത്. ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും എക്സൈസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്. എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻ്റീവ് ഓഫീസർ സനിൽകുമാർ സി., പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ് കെ.ജി, മാസ്റ്റർ ചന്ദു, ശ്രേയസ് ഉമേഷ്, ബിൻസാഗർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവരും റെയ്ഡിൽ പങ്കെടുത്തു. 

കേരള അബ്കാരി നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഓണാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും , ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസ് മെയ് 1 മുതൽ 209 റെയ്ഡുകൾ നടത്തി വിവിധ നിയമലംഘനങ്ങളിലായി 89 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യവുമായി ബന്ധപ്പെട്ട 45 അബ്കാരി കേസുകളിലായി 43 പ്രതികളെ പിടികൂടുകയും ചെയ്തു. കൂടാതെ മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി 44 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്ത് 44 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്നും 172 ഗ്രാം കഞ്ചാവ്,20.35 ഗ്രാം മദ്മ എന്നിവ ,പിടിച്ചെടുക്കുകയും ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട് 94 COTPA കേസുകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ പരിശോധന കൂടുതൽ കർശനമാക്കാനാണ് എക്സൈസിൻ്റെ തീരുമാനം